
ആഗോളതലത്തിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്ല 150 കോടി ഡോളർ നിക്ഷേപിച്ചതായി വെളിപ്പെടുത്തിയതോടെ ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോകറൻസിയായ ബിറ്റ് കോയിന്റെ മൂല്യം എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബിറ്റ് കോയിന്റെ മൂല്യം 15 ശതമാനത്തിലേറെ ഉയർന്ന് 47,000 ഡോളർ നിലവാരത്തിലെത്തിയാണ് വ്യാപാരം നടത്തുന്നത്.

സ്റ്റോക്ക് എക്സ്ചേഞ്ചിനാണ് ടെസ്ല ബിറ്റ് കോയിൻ നിക്ഷേപത്തെക്കുറിച്ച് വിവരങ്ങൾ കൈമാറിയത്. ഒപ്പം കമ്പനിയുടെ ഇലക്ട്രിക് കാറുകൾക്ക് ടോക്കണായി ക്രിപ്റ്റോകറൻസി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആഗോള തലത്തിൽ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ ക്രിപ്റ്റോകറൻസിയ്ക്ക് അംഗീകാരം നൽകാൻ മടിക്കുമ്പോൾ ലോക കോടീശ്വരനായ ഇലോൺ മാസ്ക് അനുകൂല നടപടികൾ സ്വീകരിക്കുന്നത് ലോകവ്യാപകമായി ബിറ്റ് കോയിന്റെ മൂല്യത്തിൽ ഉണർവ്വ് ഉണ്ടാക്കിയിട്ടുണ്ട്.