
പാക്ക് ചെയ്ത കുപ്പിവെള്ളത്തിന് ഏപ്രിൽ ഒന്നു മുതൽ ബ്യൂറോ ഓഫ് സ്റ്റാൻഡേഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷൻ നിർബന്ധമാക്കി രാജ്യത്തെ ഭക്ഷ്യഗുണനിലവാര നിയന്ത്രകരായ ഫുഡ് സേഫ്റ്റി സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഇനി കുപ്പിയിലെ ലേബലിൽ എഫ്എസ്എസ്എഐ ലൈസൻസ് നമ്പറിനൊപ്പം ബിഐഎസ് സർട്ടിഫിക്കേഷൻ അടയാളവും പ്രദർശിപ്പിക്കണം.

ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാതെ മിനറൽ വാട്ടർ നിർമാതാക്കൾക്ക് എഫ്എസ്എസ്എഐ ലൈസൻസ് എടുക്കാനോ പുതുക്കാനോ സാധിക്കില്ല. ശുദ്ധജലം വിൽക്കുന്ന ഒട്ടേറെ കമ്പനികൾ എഫ്എസ്എസ്എഐ ലൈസൻസോടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗത്തിനും ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു പുതിയ നടപടി. വാർഷിക വരുമാന വിവരങ്ങൾ സമർപ്പിക്കുമ്പോൾ ബിഐഎസ് ലൈസൻസ് വിശദാംശങ്ങളും ഉൾപ്പെടുത്തണം.