Big B
Trending

ജിയോയ്‌ക്കൊപ്പം എയര്‍ടെലിലും നിക്ഷേപം നടത്താനൊരുങ്ങി ഗൂഗിൾ

ഇന്ത്യന്‍ ടെക്‌നോളജി മേഖലയില്‍ വന്‍ മാറ്റത്തിനു വഴിവച്ചേക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ഏകദേശം 33,737 കോടി രൂപ റിലയന്‍സ് ജിയോയില്‍ നിക്ഷേപിച്ച ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ മറ്റൊരു ടെലികോം കമ്പനിയിൽ കൂടി ഭീമമായ തുക നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ എയര്‍ടെലിലായിരിക്കും ഗൂഗിൾ നിക്ഷേപിക്കുക. ഇക്കാര്യത്തില്‍ ഭാരതി എയര്‍ടെലും ആല്‍ഫബെറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗൂഗിളിൻെറ കടന്നുവരവ് ഇൻ്റര്‍നെറ്റ് വേഗത്തില്‍ എയര്‍ടെല്ലിനു മേല്‍കൈ നേടി നല്‍കുമെന്നാണു വിലയിരുത്തല്‍. അതിനാല്‍ തന്നെ എയര്‍ടെല്‍- ഗൂഗിള്‍ കരാറില്‍ റിലയന്‍സിൻെറ ഇടപെടല്‍ നിര്‍ണായകമാകും. ഗൂഗിളും ജിയോയും തമ്മിലുള്ള പങ്കാളിത്ത കച്ചവടത്തിലെ കരാര്‍പ്രകാരം ജിയോയുടെ നിലവിലെ എതിരാളി കമ്പനികളില്‍ ഒന്നിലും ഗൂഗിളിന് നിക്ഷേപം നടത്താന്‍ ആകില്ലെന്ന വാദം വിപണികളില്‍ ശക്തമാകുന്നുണ്ട്.ഗൂഗിളില്‍നിന്നു നിക്ഷേപമെത്തിയാല്‍ എയര്‍ടെല്ലിന് ജീവവായു ലഭിക്കും. ശൃംഖല വിപുലീകരക്കാനും ജിയോയുമായുള്ള അങ്കം കൂടുതല്‍ ശക്തമായി തുടരാനും എയര്‍ടെല്ലിന് സാധിക്കും. എയര്‍ടെല്ലിലെ നിക്ഷേപം ഗൂഗിളിനെ സംബന്ധിച്ചു റിസ്‌കുള്ളതാണ്. 1.7 ലക്ഷം കോടി രൂപയാണ് എയര്‍ടെല്ലിൻെറ നിലവിലെ കടം.ഇരു കമ്പനികളും തമ്മില്‍ കരാറിലെത്തിയാല്‍ എയര്‍ടെല്ലിൻെറ ബാധ്യതയുടെ ഉത്തരവാദിത്വം ഗൂഗിള്‍ കൂടി വഹിക്കേണ്ടി വരും. അതേസമയം കാര്യങ്ങള്‍ ഭംഗിയായാല്‍ ഇന്ത്യയെന്ന ബൃഹത് വിപണിയാകും ഗൂഗിളിനെ കാത്തിരിക്കുന്നത്. ജിയോയേക്കാള്‍ മൂല്യം കുറഞ്ഞ കമ്പനിയെന്ന നിലയില്‍ എയര്‍ടെല്ലില്‍ കൂടുതല്‍ ഇടപെടലിന് ഗൂഗിളിനു സാധിക്കും. കൂടാതെ കുറഞ്ഞ നിക്ഷേപം കൊണ്ടു തന്നെ കൂടുതല്‍ ഓഹരി പങ്കാളിത്വവും ലഭിക്കും.

Related Articles

Back to top button