
വാട്സ്ആപ്പ്, ടെലഗ്രാം, സിഗ്നൽ ഉൾപ്പെടെ ആൻഡ്രോയ്ഡ് ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്ന പതിനഞ്ചോളം മെസ്സേജിങ് ആപ്പുകളിലെ സന്ദേശങ്ങൾക്കെല്ലാമായി ഒരൊറ്റ ഇൻബോക്സ് സംവിധാനം ഒരുക്കിയിരിക്കുകയാണ് ബീപ്പർ ആപ്പ്. ഈ ആപ്പിന് ആൻഡ്രോയ്ഡ്, വിൻഡോസ്, ലിനക്സ് പതിപ്പുകളുണ്ട്. സന്ദേശങ്ങൾ അയക്കുന്നതിനൊപ്പം ചാറ്റുകൾ തിരയുക, ആർക്കേവ് ചെയ്യുക, സ്നൂസ് ചെയ്യുക തുടങ്ങിയ സൗകര്യങ്ങളും ഈ ആപ്പിൽ ലഭിക്കും.

വാട്സ്ആപ്പ്, ടെലഗ്രാം, ഫെയ്സ്ബുക്ക്, സിഗ്നൽ, ഇൻസ്റ്റഗ്രാം, സ്ലാക്ക്, ട്വിറ്റർ, ഡിസ്കോർഡ്, ആൻഡ്രോയ്ഡ് മെസ്സേജസ്, ബീപ്പർ നെറ്റ്‌വർക്ക്, ഐ മെസ്സേജ്, ഹാങ്ങ്ഔട്ട്സ്,ഐആർസി, മാട്രിക്സ്, സ്കൈപ്പ് എന്നീ 15 ആപ്ലിക്കേഷനുകളായിരിക്കും ബീപ്പറിൽ ലഭിക്കുക. പ്രതിമാസം 730 രൂപയാണ് ഇതിൻറെ സബ്സ്ക്രിപ്ഷൻ നിരക്ക്. ഓപ്പൺ സോഴ്സ് മാട്രിക്സ് മെസ്സേജിങ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പെബ്ബിൾ സ്മാർട്ട് വാച്ച് സ്ഥാപകനായ എറിക് മിഗികോവിക്സിയാണ് ഇതിൻറെ സൃഷ്ടാവ്.