
അക്കൗണ്ടില്ലാത്തവർക്കും ബാങ്കുകളുടെ ആപ്പുകൾ വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നു. ഗൂഗിൾ പേയ്ക്ക് സമാനമായ യുപിഐ അധിഷ്ഠിത സംവിധാനമാണ് ഇതിനായി ബാങ്കുകളുടെ ആപ്പുകളിൽ സജ്ജീകരിക്കുന്നത്. ഐസിഐസിഐ ബാങ്കാണ് ഈ സേവനത്തിനു തുടക്കമിട്ടിരിക്കുന്നത്.

ഐസിഐസിഐ ബാങ്കിൻറെ ഐ മൊബൈൽ ആപ്പ് ഇനി ഐസിഐസിഐ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. അതായത് യുപിഐ സംവിധാനമുപയോഗിച്ച് ഏതു ബാങ്ക് അക്കൗണ്ടും ഈ ആപ്പുമായി ബന്ധിപ്പിക്കാം. എസ് ബി ഐയുടെ ആപ്പും ഉടനെ ഇത്തരത്തിൽ ക്രമീകരിക്കുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ യോനോ ആപ്പ് വഴിയാണ് ഈ സൗകര്യമൊരുക്കുക. ആക്സിസ് ബാങ്കിന് ഇത്തരത്തിലുള്ള ആപ്പ് 2017 മുതലുണ്ടെങ്കിലും പുത്തൻ സൗകര്യങ്ങൾ ആപ്പിൾ ഉടനെ ഉൾപ്പെടുത്തും. പുതിയ ഡിജിറ്റൽ സംവിധാനങ്ങൾക്ക് ആർബിഐയുടെ താൽക്കാലിക വിലക്കുള്ളതിനാൽ എച്ച്ഡിഎഫ്സി ബാങ്കിൻറെ ആപ്പ് വൈകിയേക്കും. പണമിടപാടിന് പുറമേ ക്രെഡിറ്റ് കാർഡ് ലഭിക്കാനും തൽസമയ വായ്പയ്ക്ക് അപേക്ഷിക്കാനും സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാനും മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപം നടത്താനും ഇൻഷുറൻസ് പ്രീമിയം അടയ്ക്കാനും സ്ഥിരനിക്ഷേപമിടാനും ഇത്തരം ആപ്പുകൾ വഴി സാധിക്കും.