
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നുമുതൽ 90 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളെ കിട്ടാക്കടമായി പ്രഖ്യാപിക്കും. കോവിഡ്കാലത്ത് മൊറട്ടോറിയം പ്രയോജനപ്പെടുത്തിയാലും ഇല്ലെങ്കിലും അക്കാലത്തെ തിരിച്ചടവിലെ വീഴ്ച ബാങ്കുകൾ കണക്കിലെടുക്കില്ല.മൊറട്ടോറിയം സംബന്ധിച്ച കേസിൽ സുപ്രീംകോടതി അടുത്തിടെ അന്തിമവിധി പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിലാണ് ഈ തീരുമാനം.

രണ്ടുകോടി രൂപവരെയുള്ള വായ്പകൾക്ക് പിഴപ്പലിശയും കൂട്ടുപലിശയും ഒഴിവാക്കിയിരുന്നു. അതിന് സർക്കാർ ബാങ്കുകൾക്ക് 6500 കോടി രൂപ നൽകിയിരുന്നു. എന്നാൽ, ഈ ആനുകൂല്യം മറ്റ് വായ്പകൾക്കും നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു. അതിന് ഇനിയും ഏകദേശം ഏഴായിരം കോടി രൂപവേണം. ഇത് സർക്കാർ നൽകണമെന്ന് ബാങ്കുകൾ ആവശ്യപ്പെടും.മൊറട്ടോറിയം കാലത്ത് പലിശയിളവ് കിട്ടാത്ത വായ്പകൾക്ക് അക്കാലത്ത് ഈടാക്കിയ പിഴപ്പലിശയും കൂട്ടുപലിശയും നിശ്ചിത കാലത്തിനുള്ളിൽ തിരിച്ചുനൽകുകയോ അടുത്ത ഗഡുവിൽ ക്രമീകരിക്കുകയോ ചെയ്യും.അതേസമയം മൊറട്ടോറിയം കാലയളവിനുശേഷം വായ്പാകുടിശ്ശികകളിൽ നടപടി ഊർജിതമാക്കിയിരിക്കുകയാണ് ബാങ്കുകൾ. നിശ്ചിത തീയതിക്കുള്ളിൽ പണം അടച്ചില്ലെങ്കിൽ റവന്യൂറിക്കവറി നടപടികളിലേക്ക് കടക്കുമെന്നാണ് ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന മുന്നറിയിപ്പ്.