
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് തിങ്കളാഴ്ച മുതല്‍ ഓട്ടോമെറ്റിക് ഇ- വാഹനങ്ങളും ഉപയോഗിക്കാനാകും.ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഗിയര്‍ ഇല്ലാത്ത വാഹനങ്ങളും ഉപയോഗിക്കാന്‍ ശനിയാഴ്ചയാണ് അനുമതി നല്‍കിയത്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ടെസ്റ്റില്‍ പങ്കെടുക്കാം. സ്ത്രീകള്‍ ഉള്‍പ്പെടെ ഓട്ടോമാറ്റിക് വാഹനം ഓടിക്കാന്‍ താത്പര്യപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ ടെസ്റ്റിങ് സംവിധാനം ഗുണകരമാണ്. അതേസമയം, ഡ്രൈവിങ് സ്‌കൂളുകളുടെ ഓട്ടോമെറ്റിക് വാഹനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പില്‍ രജിസ്ട്രര്‍ ചെയ്യാന്‍ ചെറിയ കാലതാമസമുണ്ടാകും. പരിശീലകന് കൂടി നിയന്ത്രിക്കാന്‍ കഴിയുന്ന ഇരട്ട ബ്രേക്ക്പെഡല്‍ വാഹനങ്ങളില്‍ സജ്ജീകരിക്കേണ്ടതുണ്ട്. ഇവ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഡ്രൈവിങ് സ്‌കൂള്‍ വാഹനമായി അംഗീകാരം ലഭിക്കുകയുള്ളൂ. ഓട്ടോമെറ്റിക് വാഹനം ഉപയോഗിച്ചുള്ള ഡ്രൈവിങ് ടെസ്റ്റ് എല്‍.എം.വി ലൈസന്‍സിനുള്ള കുറുക്കുവഴിയാകുമെന്ന് ആക്ഷേപമുണ്ട്. എല്‍.എം.വി ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ മുതല്‍ ഏഴര ടണ്ണില്‍ താഴെ ഭാരമുള്ള വാഹനങ്ങളെല്ലാം ഓടിക്കാനാകും. മിനി ലോറികളും, സ്‌കൂള്‍വാനുകളും എല്‍എം.വി വിഭാഗത്തില്‍ ഉള്‍പ്പെടും. ഓട്ടോമാറ്റിക് വാഹനങ്ങളിലൂടെ ലൈസന്‍സ് ലഭിക്കുന്നവര്‍ മതിയായി പരിചയമില്ലാതെ ഗിയര്‍വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങിയാല്‍ അപകടസാധ്യതയുണ്ട്.ഇരുചക്രവാഹനങ്ങളില്‍ ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായി രണ്ടു വിഭാഗങ്ങളുണ്ട്. എല്‍.എം.വിയിലും ഇത്തരം രണ്ട് വിഭാഗങ്ങളുണ്ടായിരുന്നുവെങ്കില്‍ അപാകം തടയാന്‍ കഴിയുമായിരുന്നു.