Auto
Trending

മുഖംമിനുക്കി ബി.എസ്-6ൽ തിരിച്ചെത്തുകയാണ് ഔഡി Q5

ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡിയുടെ എസ്.യു.വി. മോഡലായ Q5-ന്റെ മുഖം മിനുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ വാഹനങ്ങൾ ബി.എസ്.6 നിലവാരത്തിലേക്ക് മാറിയതിന് പിന്നാലെ നിരത്തൊഴിഞ്ഞ ഈ വാഹനം 18 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. 2020 ഏപ്രിൽ മാസത്തിലാണ് ഔഡി Q5-ന്റെ ബി.എസ്.4 മോഡൽ ഇന്ത്യൻ നിരത്തുകളോട് വിടപറഞ്ഞത്.പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വേരിയന്റുകളിൽ എത്തിയിട്ടുള്ള പുതിയ Q5-ന് യഥാക്രമം 58.93 ലക്ഷവും 63.77 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഔറംഗബാദിലെ സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യയുടെ പ്ലാന്റിൽ അസംബിൾ ചെയ്താണ് ഈ വാഹനം വിപണിയിൽ എത്തുന്നത്. മുൻഗാമിയെക്കാൾ സ്റ്റൈലിഷാണ് പുതിയ മോഡലിന്റെ വരവ്. ക്രോമിയം ആവരണത്തിൽ വെർട്ടിൾ സ്ലാറ്റുകൾ നൽകിയുള്ള സിംഗിൾ ഫ്രെയിം ഗ്രില്ലാണ് ഈ വാഹനത്തിന് മസ്കുലർ ഭാവം നൽകുന്നത്. സ്കിഡ് പ്ലേറ്റ്, എൽ.ഇ.ഡിയിൽ തീർത്തിരിക്കുന്ന വലിപ്പം കുറഞ്ഞ ഹെഡ്ലാമ്പും ഡി.ആർ.എല്ലും, ക്രോമിയം സ്ട്രിപ്പിന്റെ ആവരണത്തിൽ നൽകിയിട്ടുള്ള ഫോഗ്ലാമ്പ്, വലിപ്പമുള്ള ബമ്പർ തുടങ്ങിയവ മുൻവശത്തെ മസ്കുലർ ഭാവത്തിന് മുതൽകൂട്ടാവുന്നുണ്ട്.സിൽവർ ഫിനീഷിങ്ങിലുള്ള അഞ്ച് സ്പോക്ക് അലോയി വീൽ, ക്രോമിയം വിൻഡോ ബോർഡർ എന്നിവ വശങ്ങളെ ആകർഷകമാക്കുന്നുണ്ട്. ലളിതമായാണ് പിൻഭാഗത്തിന്റെ രൂപകൽപ്പന. ഹാച്ച്ഡോറിൽ മാത്രം ഒതുങ്ങുന്ന എൽ.ഇ.ഡി. ടെയ്ൽലാമ്പ്, രണ്ട് ലൈറ്റുകളെയും ബന്ധിപ്പിക്കുന്ന ക്രോമിയം ബാർ, സ്കിഡ് പ്ലേറ്റും റിഫ്ളക്ഷൻ ലൈറ്റ് ബാറും നൽകിയിട്ടുള്ള ഡ്യുവൽ ടോൺ ബമ്പർ തുടങ്ങിയവ ഈ ആഡംബര എസ്.യു.വിയുടെ പിൻഭാഗവും അലങ്കരിക്കുന്നു.അടുത്തിടെ പുറത്തിറങ്ങിയ പുതിയ A4-ലേതിന് സമാനമായാണ് ഈ വാഹനത്തിന്റെ അകത്തളവും ഡിസൈൻ ചെയ്തിരിക്കുന്നത്. ഔഡിയുടെ മൂന്നാം തലമുറ എം.ഐ.ബി സാങ്കേതികവിദ്യയിൽ 10.1 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഈ വാഹനത്തിലും നൽകിയിട്ടുള്ളത്. സ്റ്റിയറിങ്ങ് വീൽ, സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളിൽ പുതുമ നിഴലിക്കുന്നുണ്ട്. നിരവധി കണക്ടഡ് ഫീച്ചറുകളും ഈ വാഹനം ഒരുക്കുന്നുണ്ട്.ബി.എസ്-6 എൻജിനിലേക്ക് മാറിയതാണ് ഈ വാഹനത്തിലെ മെക്കാനിക്കൽ ഫീച്ചറുകളിലെ പുതുമ. 2.0 ലിറ്റർ ഫോർ സിലിണ്ടർ ടി.എഫ്.എസ്.ഐ. പെട്രോൾ എൻജിനാണ് ഈ എസ്.യു.വിയുടെ ഹൃദയം. ഇത് 247 ബി.എച്ച്.പി. പവറും 370 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button