
ആഗോളവിപണിയിൽ ഡോളർ ശക്തിപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻ കറൻസികളെല്ലാം ഇടിഞ്ഞപ്പോൾ ഈമാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യൻ രൂപമാത്രം. മാർച്ചിൽ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ 72.46 വരെ ഉയരുകയും ചെയ്തിരുന്നു.

ഓഹരിവിപണിയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾവഴി വലിയതോതിൽ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം.ഇന്ത്യൻവിപണിയിൽ ഐ.പി.ഒ.കൾ ശക്തമായതും വിദേശ നിക്ഷേപ ഒഴുക്കിനു കാരണമായിട്ടുണ്ട്. ഒരാഴ്ചയായി വിപണി നഷ്ടത്തിലായിരുന്നുവെങ്കിലും തുടർച്ചയായി ഐ.പി.ഒ.കളിലേക്ക് ഡോളറിലുള്ള നിക്ഷേപം എത്തുന്നുണ്ട്. മാർച്ചിൽ ഇതുവരെ 240 കോടി ഡോളറിന്റെ (17,394 കോടി രൂപ) നിക്ഷേപം വിപണിയിലെത്തിയിട്ടുണ്ട്. ഒമ്പത് ഐ.പി.ഒ.കളിലായി ആകെ 5900 കോടിരൂപയാണ് (81.3 കോടി ഡോളർ) വിദേശനിക്ഷേപക സ്ഥാപനങ്ങൾ നിക്ഷേപിച്ചത്. കോവിഡിനുശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ചുവരുന്നതായാണ് വിലയിരുത്തലുകൾ. വിദേശനാണ്യശേഖരം 60,000 കോടി ഡോളറിനടുത്തെത്തി നിൽക്കുന്നു. ഈ രണ്ടു ഘടകങ്ങളും രൂപയ്ക്ക് അനുകൂലമാണ്. വിപണിയിലെ നിക്ഷേപത്തിനുപുറമെ ഡോളറിൽ ഇന്ത്യൻ കമ്പനികൾ വായ്പയെടുക്കുന്നതും ഡോളർവരവ് കൂട്ടുന്നുണ്ട്. മാർച്ചിൽ ഇന്ത്യൻ കമ്പനികൾ 100 കോടി ഡോളറിനടുത്ത് ഇതിനകം വായ്പയായി സമാഹരിച്ചിട്ടുണ്ട്.