Big B
Trending

X.AI എന്ന പുത്തൻ കമ്പനിയുമായി ഇലോൺ മസ്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് വേണ്ടിയുള്ള ആഗോള സാങ്കേതിക വ്യവസായ ഭീമന്മാരുടെ മത്സരത്തില്‍ പങ്കാളിയാവുകയാണ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. മസ്‌ക് എക്‌സ്.എഐ എന്ന പേരില്‍ പുതിയ കമ്പനിയ്ക്ക് തുടക്കമിട്ടതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ നേവാഡയിലാണ് കമ്പനി രൂപീകരിച്ചിരിക്കുന്നത്. എക്‌സ് എഐയുടെ ഡയറക്ടര്‍ മസ്‌ക് ആണ്. ജാരെഡ് ബിര്‍ഷാള്‍ ആണ് സെക്രട്ടറി. ചാറ്റ് ജിപിടി യുടെ നിര്‍മാതാക്കളായ ഓപ്പണ്‍ എഐ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും മുന്‍ മേധാവി കൂടിയാണ് ഇലോണ്‍ മസ്‌ക്. എന്നാല്‍ പിന്നീട് സ്ഥാപനത്തിലെ ബോര്‍ഡ് അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മസ്‌ക് കമ്പനിയില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. ഇപ്പോള്‍ മൈക്രോസോഫ്റ്റിന് പ്രധാന നിക്ഷേപമുള്ള സ്ഥാപനമാണ് ഓപ്പണ്‍ എഐ. ചാറ്റ് ജിപിടിയുടെ വരവിന് പിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിഷ്‌കരിക്കാനുള്ള ഗവേഷണ ജോലികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് തുറന്ന കത്തെഴുതിയ സാങ്കേതിക വിദ്യാ രംഗത്തെ പ്രമുഖരില്‍ മുന്‍നിരയിലുള്ള ആളാണ് ഇലോണ്‍ മസ്‌ക്. അദ്ദേഹം തന്നെ ഒരു എഐ കമ്പനി സ്ഥാപിക്കുന്നത് എന്തിന് വേണ്ടിയാണെന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ, ഓപ്പണ്‍ എഐയെ വെല്ലുവിളിക്കാനാണ് മസ്‌കിന്റെ പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍. കമ്പനിയുടെ ലക്ഷ്യങ്ങള്‍ സംബന്ധിച്ച് മസ്‌കും വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല.

Related Articles

Back to top button