
ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് കാറുകളുടെയും ബൈക്കുകളുടെയും വില ഉയരും. ഈ വർഷം രണ്ടാംതവണയാണ് കമ്പനികൾ വില ഉയർത്തുന്നത്.കാർ കമ്പനികളായ മാരുതി സുസുക്കി, നിസാൻ മോട്ടോഴ്സ്, ഡാറ്റ്സൺ, റിനോ എന്നിവയാണ് വില വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ഇരുചക്ര വാഹന കമ്പനികളിൽ ഹീറോ മോട്ടോകോർപ്പ് ഏപ്രിൽ ഒന്നുമുതൽ വിലയുയർത്താൻ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ എല്ലാ മോഡലുകൾക്കും വില ഉയരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. മോഡലുകൾക്കനുസരിച്ച് ഒരു ശതമാനം മുതൽ ആറു ശതമാനം വരെ (5,000 രൂപ മുതൽ 34,000 രൂപ) ആയിരിക്കും വില വർധന. അസംസ്കൃത വസ്തുക്കളുടെ വിലവർധന ഉപഭോക്താക്കൾക്ക് കൈമാറാതെ മുന്നോട്ടു പോകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ വില വർധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ വാഹനഘടകങ്ങളുടെ ലഭ്യതയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇത് ഇന്ത്യൻ കമ്പനികളുടെ ഉത്പാദനത്തെ കാര്യമായി ബാധിച്ചു. പ്രധാനമായും ചിപ്പുകളുടെ ലഭ്യതയിലാണ് ക്ഷാമമുള്ളത്.ഇതിനുപുറമെ ഡീസൽ വില റെക്കോഡ് നിലവാരത്തിലേക്കെത്തിയത് കമ്പനികളുടെ ഗതാഗത ചെലവുൾപ്പെടെ കൂടാൻ കാരണമായി. ഇതിന്റെ ഒരു വിഹിതംകൂടി ഉപഭോക്താക്കളിലേക്കു കൈമാറാനാണ് കമ്പനികളുടെ തീരുമാനം.നിസാൻ, ഡാറ്റ്സൺ, റിനോ ബ്രാൻഡുകളിലെ എല്ലാ മോഡലുകൾക്കും വില കൂടും.റോയൽ എൻഫീൽഡ് രണ്ടുശതമാനം വരെ വില വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ കമ്പനികൾ വില വർധനയ്ക്കു തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.