
ശാരീരിക പരിമിതകളുള്ളവരെ സഹായിക്കുന്നതിനായി പുതിയ ചില ഫീച്ചറുകള്‍ പ്രഖ്യാപിച്ച് ആപ്പിള്‍. വീഡിയോകളിലെ ലൈവ് കാപ്ഷന്‍ ഫീച്ചറാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഐഫോണുകള്‍, ഐപാഡുകള്‍, മാക്ക് കംപ്യൂട്ടറുകള്‍ എന്നിവയിലെല്ലാം കാണുന്ന വീഡിയോകളില്‍ സംസാരിക്കുന്നത് എന്താണെന്ന് കാപ്ഷനുകളായി സ്‌ക്രീനിൽ കാണിക്കുന്ന സംവിധാനമാണിത്.സ്ട്രീമിങ് സേവനങ്ങള്‍, ഫേസ് ടൈം കോളുകള്‍, മറ്റ് വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പുകള്‍ എന്നിവയിലെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും.കേള്‍വിക്ക് പ്രശ്‌നങ്ങളുള്ളവര്‍ക്കും ശബ്ദമില്ലാതെ തന്നെ വീഡിയോ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ സാധിക്കും.സമാനമായൊരു ഫീച്ചര്‍ നിലവില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ പുതിയ ഫീച്ചര്‍ ഉപഭോക്താക്കളിലേക്ക് എത്തും.