
രഹസ്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന സ്‌പൈവെയറുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ ‘ലോക്ക്ഡൗണ്‍ മോഡ്’ എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ച് ആപ്പിള്‍. ഇസ്രയേലി സ്‌പൈവെയര്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച പെഗാസസ് എന്ന സ്‌പൈവെയര്‍ ഉപയോഗിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ നിരീക്ഷിക്കപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് നടപടി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ആപ്പിളിന്റെ ഐഫോണുകളിലും പെഗാസസ് നുഴഞ്ഞു കയറുകയുണ്ടായി.ഫോണുകളിലെ സന്ദേശങ്ങള്‍, ചിത്രങ്ങള്‍, ഇമെയിലുകള്‍, എന്നിവ വായിക്കാനും ഫോണ്‍ കോളുകള്‍ യഥാര്‍ത്ഥ ഉപഭോക്താവറിയാതെ റെക്കോര്‍ഡ് ചെയ്യാനും മൈക്രോഫോണും ക്യാമറയും ആരുമറിയാതെ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം ഈ മാല്‍വെയറിന് സാധിക്കും.സ്‌പൈവെയര്‍ വിന്യസിക്കുന്നതിന് വേണ്ടി ഹാക്കര്‍മാര്‍ നേരത്തെ ഉപയോഗിച്ചിരുന്ന ചില പ്രവര്‍ത്തനങ്ങള്‍ തടയുകയാണ് ലോക്ക്ഡൗണ്‍ മോഡ് ചെയ്യുക. ഇത് ഓൺ ആക്കുമ്പോള്‍ മെസേജ് ആപ്പിലെ ഭൂരിഭാഗം അറ്റാച്ച്‌മെന്റുകളും ബ്ലോക്ക് ചെയ്യപ്പെടും. ചിത്രങ്ങള്‍ മാത്രമാണ് അനുവദിക്കുക. ലിങ്ക് പ്രിവ്യൂ പോലുള്ള ഫീച്ചറുകള്‍ ബ്ലോക്ക് ചെയ്യപ്പെടും.വെബ് ബ്രൗസ് ചെയ്യുമ്പോള്‍ ജസ്റ്റ് ഇന്‍ ടൈം (ജെ.ഐ.ടി.), ജാവ സ്‌ക്രിപ്റ്റ് കോമ്പിലേഷന്‍ പോലുള്ള സാങ്കേതിക വിദ്യകളും പ്രവര്‍ത്തനരഹിതമാവും.അപരിചിതരില്‍ നിന്നുള്ള ഫേസ് ടൈം കോളുകള്‍ ഉള്‍പ്പടെ എല്ലാ തരം ഇന്‍കമിങ് ഇന്‍വൈറ്റുകളും സര്‍വീസ് റിക്വസ്റ്റുകളും ആപ്പിള്‍ ബ്ലോക്ക് ചെയ്യും.ഐഫോണുകള്‍, ഐപാഡുകള്‍, മാക് ഉള്‍പ്പടെ എല്ലാ ഉപകരണങ്ങളിലും ഇത് ലഭ്യമാക്കും.വരും മാസങ്ങളില്‍ ലോക്ക്ഡൗണ്‍ മോഡില്‍ കൂടുതല്‍ സംരക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ആപ്പിള്‍ പറഞ്ഞു.