
ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായ ആപ്പിള്‍ തങ്ങളുടെ ആദ്യ എആര്‍, വിആര്‍, എംആര്‍ ഹെഡ്സെറ്റുകളുടെ പണിപ്പുരയിലാണ്. അവര്‍ ആദ്യം ഇറക്കാന്‍ പോകുന്ന മോഡലുകളിലൊന്ന് ഹെല്മെറ്റിനു സമാനമായ എആര്‍-വിആര്‍ ഹെഡ്സെറ്റായിരിക്കുമെന്നാണ് സൂചന. തുടര്‍ന്ന് കണ്ണട പോലെ അണിയാവുന്ന എആര്‍ ഗ്ലാസുകളും അവതരിപ്പിച്ചേക്കും.

ഹെല്‍മെറ്റ് പോലെയുള്ള ഹെഡ്സെറ്റില് 15 ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.ഇവയില്‍ എട്ട് എണ്ണം എആര്‍ വിഡിയോ അനുഭവത്തിനായി ഉപയോഗിക്കും. ആറെണ്ണം നൂതനമായ ബയോമെട്രിക്സിനു വേണ്ടിയും ഒരെണ്ണം ഹെഡ്സെറ്റ് ധരിച്ചിരിക്കുന്ന ആള്‍ക്ക് തനിക്കു ചുറ്റുമുള്ള പുറം ലോകം കണ്ട് അവിടെ വെര്‍ച്വല്‍ വസ്തുക്കളും മറ്റും വയ്ക്കാനുമായിരിക്കുമെന്നുമാണ് വിവരം.ആപ്പിള്‍ കമ്പനിയെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങള്‍ പുറത്തുവിടുന്ന മിങ്-ചി കുവോ ആണ് പുതിയ പ്രവചനവും നടത്തിയിരിക്കുന്നത്.തയ്വാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാര്ഗണ് പ്രിസിഷന്‍ എന്ന കമ്പനിയായിരിക്കും ഈ ഹെഡ്സെറ്റ് നിര്‍മിക്കാനുള്ള ഘടകഭാഗങ്ങള്‍ നല്‍കുക എന്നും കുവോ പറയുന്നു. ഹെഡ്സെറ്റിനുള്ളില്‍ സോണിയുടെ മൈക്രോ എല്ഇഡികളായിരിക്കും ഉപയോഗിക്കുക. ഇവയ്ക്ക് സ്വതന്ത്ര കംപ്യൂട്ടിങ് ശക്തിയും സംഭരണശേഷിയും ഉണ്ടായിരിക്കുമെന്നും പറയുന്നു. ഏകദേശം 200 ഗ്രാം ഭാരമാണ് പ്രതീക്ഷിക്കുന്നത്. 1000 ഡോളറാണ് വില പ്രതീക്ഷിക്കുന്നതെന്നും പറയുന്നു.