
വലുപ്പം കുറഞ്ഞതും എന്നാൽ അതിവേഗം ചാർജ് ചെയ്യാൻ സാധിക്കുന്നതുമായ ചാർജറുകൾ ആപ്പിൾ പുറത്തിറക്കിയേക്കും. കമ്പനി യുഎസ്ബി-സി വാൾ ചാർജറുകളുടെ ചെറിയ പതിപ്പാണ് നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ. അതിവേഗ ചാർജിങ് സാങ്കേതികവിദ്യയ്ക്കായി എത്രയും പെട്ടെന്ന് ആപ്പിളിന്റെ ഓർഡർ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അയർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിറ്റസ് സെമികണ്ടക്ടർ എന്ന കമ്പനി.

ഗള്ളിയം നൈട്രൈഡ് അടിസ്ഥാനമാക്കിയുള്ള അതിവേഗ ചാർജിങ് സാങ്കേതികവിദ്യയുടെ നിർമ്മാതാക്കളാണ് നാവിറ്റസ് സെമികണ്ടക്ടർ .ഗള്ളിയം നൈട്രൈഡ് അടിസ്ഥാനമാക്കിയുള്ള നാവിറ്റസിന്റെ ഗാൻഫാസ്റ്റ് എന്ന സാങ്കേതികവിദ്യ ആഗോള വിപണിയിൽ ലഭ്യമായിട്ടുള്ള പല ജനപ്രിയ ഫാസ്റ്റ് ചാർജറുകളിലും ഉപയോഗിച്ചിട്ടുണ്ട്. ഡെൽ, ഷവോമി, ലെനോവോ തുടങ്ങിയ കമ്പനികൾ ഇതിൻറെ പ്രധാന ഉപഭോക്താക്കളാണ്. അമേരിക്കയിലെ പവർ ഇന്റഗ്രേഷൻസ്, ചൈനയിലെ ഇന്നോസയൻസ്,അയർലൻഡിലെ നാവിറ്റസ് സെമികണ്ടക്ടർ എന്നിവയാണ് ലോകത്തിലെ മൂന്ന് മുൻനിര ചാർജിങ് ഉപകരണ നിർമ്മാതാക്കൾ. ഐഫോണുകൾക്കൊപ്പം ചാർജർ നൽകുന്നത് ആപ്പിൾ അവസാനിപ്പിച്ചെങ്കിലും ആവശ്യക്കാർക്ക് വേണ്ടി കമ്പനിയിൽ പ്രത്യേകം ചാർജറുകൾ വിപണിയിലിറക്കുന്നുണ്ട്.