
29,139 ആപ്പിൾ മാക് കമ്പ്യൂട്ടറുകളെ ഇതിനകം ബാധിച്ചുകഴിഞ്ഞ മാൽവെയർ ഗവേഷകർ കണ്ടെത്തി. ആപ്പിൾ എം വൺ ചിപ്പുകളെ ബാധിക്കുന്ന മാൽവെയർ കണ്ടെത്തിയതിനു പിന്നാലെയാണിത്. ഇന്റൽ x86-64 പ്രൊഫൈലും ആപ്പിളിന്റെ എം വൺ പ്രൊസസറിലും പ്രവർത്തിക്കുന്ന മാക് കമ്പ്യൂട്ടറുകളെയാണ് പുതുതായി കണ്ടെത്തിയ ഈ മാൽവെയർ ബാധിച്ചിരിക്കുന്നത്.

സിൽവർ സ്പാരോ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ മാൽവെയറിൻറെ രണ്ട് പതിപ്പുകൾ കണ്ടെത്തിയതായി റെഡ് കാനറി എന്ന സൈബർ സുരക്ഷാ സ്ഥാപനം പറയുന്നു. എന്നാൽ ഇതിൻറെ ഉദ്ദേശ്ലക്ഷ്യത്തെക്കുറിച്ചോ ഇത് ഇപ്പോഴും സജീവമായ പ്രവർത്തനത്തിലാണോ എന്നതിനെക്കുറിച്ചോ ഗവേഷകർക്ക് വ്യക്തമായിട്ടില്ല. 153 രാജ്യങ്ങളിലെ മാക് ഒഎസ് ഉപകരണങ്ങളായാണ് ഈ മാൽവെയർ ബാധിച്ചിട്ടുള്ളത്. ഇതിൽ യുഎസ്, യുകെ, കാനഡ, ജർമ്മനി, ഫ്രാൻസ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കണ്ടെത്തിയതെന്ന് മാൽവെയർ ബൈറ്റ്സ് പറയുന്നു. അക്രമിച്ച് ഫയലുകളിൽ സാന്നിധ്യമുണ്ടായിരുന്നുവെന്നതിൻറെ തെളിവുകൾ സ്വയം നശിപ്പിക്കാനുള്ള കഴിവും ഇതിനുണ്ട്. മാൽവെയറിൻറെ തുടർന്നുള്ള പ്രവർത്തനങ്ങൾ തടയാനുള്ള നടപടികൾ ആപ്പിൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.