
സാംസങ്ങിനെ പിന്നിലാക്കി 2020 നാലാം പാദത്തിൽ ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായി മാറിയിരിക്കുകയാണ് ആപ്പിൾ. മുൻപ് 2016ൽ ആപ്പിൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തിന്റെ നാലാം പാദത്തിൽ എട്ടു കോടി പുതിയ സ്മാർട്ഫോണുകളാണ് ആപ്പിൾ വിറ്റത്.5ജി സൗകര്യത്തോടു കൂടിയ ഐഫോണുകൾ വിപണിയിലെത്തിച്ചതാണ് വിൽപ്പന വർധനയ്ക്കിടയാക്കിയത്.

2019ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഒരുകോടിയിലധികം പുതിയ ഐഫോണുകൾ കമ്പനി വിറ്റിട്ടുണ്ട്. ഇതുവഴി കമ്പനിയുടെ ആഗോള സ്മാർട്ട്ഫോൺ വിഹിതം 15 ശതമാനമായി വർധിച്ചു. മുൻ വർഷത്തിന് തുടർച്ചയെന്നോണം 2021 ൻറെ ആദ്യപാദത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത വർധനയാണ് ഐഫോൺ വിൽപനയിലുണ്ടായത്. ഈ വർഷം തുടക്കത്തിൽ തന്നെ ഐഫോണിൽ നിന്നു മാത്രമായി 6500 കോടി ഡോളറിന്റെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. ഐഫോൺ 12 പരമ്പര അവതരിപ്പിച്ചതാണ് കമ്പനിക്ക് നേട്ടമായത്. ആഗോള ഭീമൻ സാംസങാണ് ആപ്പിളിന് തൊട്ടുപിന്നിലുള്ളത്. എന്നാൽ സാംസങ്ങിന്റെ വിപണി വിഹിതത്തിൽ 11.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കൂടാതെ മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 80 ലക്ഷം സ്മാർട്ട്ഫോണുകളുടെ കുറവും രേഖപ്പെടുത്തി.