
ഇക്കഴിഞ്ഞ വർഷം നാലാം പാദത്തിൽ ഇന്ത്യയിലെ ഐഫോൺ വിൽപനയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ നേട്ടം കൊടുത്തിരിക്കുകയാണ് ആപ്പിൾ. 2020 വർഷത്തിന്റെ നാലാം പാദത്തിൽ 15 ലക്ഷത്തിലേറെ ഹാൻഡ്സെറ്റുകളാണ് ആപ്പിൾ വിറ്റതെന്ന് കൗണ്ടർ പോയിൻറ് റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.

മുൻവർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് 171 ശതമാനത്തിന്റെ വിൽപ്പന വളർച്ചയാണ് ആപ്പിളിനോണ്ടായിട്ടുള്ളത്. കൂടാതെ രാജ്യത്തെ ഏറ്റവുമധികം ഹാൻഡ്സെറ്റുകൾ വിൽക്കുന്ന കമ്പനികളുടെ പട്ടികയിൽ ആപ്പിൾ ആറാം സ്ഥാനത്തെത്തുകയും ചെയ്തു. ഐഫോൺ 12 ന്റെ അവതരണം, ഐഫോൺ എസ്ഇ 2020, ഐഫോൺ 11 എന്നീ മോഡലുകളുടെ വില കുറച്ചത്,മറ്റ് ഓഫറുകൾ എന്നിവ കമ്പനിക്ക് കാര്യമായ രീതിയിൽ തന്നെ ഗുണം ചെയ്തു. രാജ്യത്തെ ഹാൻഡ്സെറ്റ് വിൽപനയിൽ ആപ്പിൾ ആറാം സ്ഥാനത്തെത്തിയപ്പോൾ ഷവോമി, സാംസങ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.