
ഇന്ത്യയിലെ തിരഞ്ഞെടുത്ത ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ബീറ്റ അപ്‌ഡേറ്റ് അവതരിപ്പിച്ച് ആപ്പിള്‍. നിലവില്‍ ഇന്ത്യയില്‍ 5ജി ഐഫോണുകള്‍ കയ്യിലുള്ളവര്‍ക്ക് ഇന്ത്യയിലെ ടെലികോം സേവനങ്ങളുടെ 5ജി നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അനുയോജ്യമായ സോഫ്റ്റ് വെയര്‍ ഇല്ലാത്തതാണ് ഇതിന് കാരണം. ഈ പ്രശ്‌നം പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക് 5ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.ജിയോയുടെയും എയര്‍ടെലിന്റേയും 5ജി നെറ്റ് വര്‍ക്ക് ലഭ്യമായ നഗരങ്ങളില്‍ സേവനം ഉപയോഗിക്കാന്‍ പുതിയ ബീറ്റ അപ്‌ഡേറ്റ് വഴി സാധിക്കും.5ജി കണക്റ്റിവിറ്റി സാധ്യമാക്കുന്ന സോഫ്റ്റ് വെയറിന്റെ ബീറ്റാ അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പരിമിതമായ ഉപഭോക്താക്കള്‍ക്ക് മാത്രം ഇത് ലഭ്യമാക്കി സോഫ്റ്റ് വെയറിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാനും അഭിപ്രായങ്ങള്‍ തേടുന്നതിനും വേണ്ടിയാണിത്.
ബീറ്റാ പരീക്ഷണത്തിന് ശേഷം ആവശ്യമായ മാറ്റങ്ങളോടുകൂടി സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് എല്ലാ ഉപഭോക്താക്കള്‍ക്കുമായി എത്തിക്കും. ഡിസംബറോടുകൂടി അപ്‌ഡേറ്റ് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12, ഐഫോണ്‍ എസ്ഇ 3 തുടങ്ങിയ ഫോണുകളിലാണ് 5ജി ആദ്യം ലഭിക്കുക.ഐഓഎസ് 16.2 ബീറ്റാ അപ്‌ഡേറ്റ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ ഐഫോണുകളില്‍ 5ജി ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ ആപ്പിള്‍ വെബ്‌സൈറ്റില്‍ ബീറ്റയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യണം. മാത്രവുമല്ല, 16.2 ബീറ്റ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്താലും എല്ലാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കും 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.ഐഒഎസില്‍ പരീക്ഷിക്കുന്ന മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത പുതിയ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ബീറ്റാ പ്രോഗ്രാമിലൂടെ സാധിക്കും. എല്ലാ ഉപഭോക്താക്കളിലേക്കും എത്തുന്നതിന് മുമ്പായി പുതിയ ഫീച്ചറുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങള്‍ കമ്പനിയെ അറിയിക്കാനും സാധിക്കും. നിര്‍മാണ ഘട്ടത്തിലിരിക്കുന്ന സോഫ്റ്റ് വെയറുകള്‍ ആയതിനാല്‍ അതിന്റേതായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനിടയുണ്ട്.