
ഇലക്ട്രിക് കാർ നിർമ്മാണവുമായി ബന്ധപ്പെട്ട് ആപ്പിളുമായി ചർച്ച നടത്തിയതായി ഹ്യുണ്ടായി മോട്ടോഴ്സ് വ്യക്തമാക്കി. എന്നാൽ ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്നും കൃത്യമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇരു കമ്പനികളും തമ്മിൽ ചർച്ച നടത്തിയതായി കൊറിയ എക്കണോമിക് ഡെയിലി ടിവി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

സെൽഫ് ഡ്രൈവിംഗ് ഇലക്ട്രിക് കാർ സാങ്കേതികവിദ്യയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ആപ്പിൾ പ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. 2024 ഓടെ ആദ്യ ഇലക്ട്രിക് കാറും ആപ്പിളിന്റെ തന്നെ പുതിയ ബാറ്ററി സാങ്കേതികവിദ്യയും പുറത്തിറങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരു കമ്പനികളും ചേർന്ന് ഹ്യുണ്ടായിയുടെയോ ഹ്യുണ്ടായിയുടെ തന്നെ കിയോ മോട്ടോർകോർപിന്റെയോ ഫാക്ടറികളിൽ വെച്ച് ബാറ്റ് വികസിപ്പിക്കുമെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്.