
ടെക്നോളജി രംഗത്തെ അതികായരായ ആപ്പിളിന്റെ ആദ്യത്തെ വൈദ്യുത വാഹനം 2024 ൽ വിപണിയിലെത്തുമെന്ന് പുതിയ റിപ്പോർട്ടുകൾ. അടുത്ത തലമുറയിൽപ്പെട്ട ബാറ്ററികളും സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായിരിക്കും ആപ്പിൾ ഇലക്ട്രിക് കാറിൻറെ പ്രധാന പ്രത്യേകതകൾ.

വിപണിയിൽ ഇടപെടാനുള്ള ആപ്പിളിന്റെ ശേഷി ഏറെ കാലങ്ങൾക്ക് മുൻപ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വൈദ്യുത കാർ രംഗത്തേക്കുള്ള ആപ്പിളിന്റെ വരവ് വാഹന മേഖലയിൽ ധാരാളം മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ വാഹന വിപണിയിൽ മുൻപരിചയമില്ലെന്ന കുറവ് എങ്ങനെ കമ്പനി മറികടക്കുമെന്നത് വാഹന പ്രേമികൾ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. 2014ലാണ് കമ്പനിയുടെ വൈദ്യുത കാർ പദ്ധതിയായ പ്രൊജക്ട് ടൈറ്റൻ ആരംഭിച്ചത്. എന്നാൽ 2019 ഇത് നിലച്ചു പോയിരുന്നു. രണ്ടുമാസം മുൻപാണ് വീണ്ടും സജീവമായത്. ഒപ്പം ആപ്പിളിന് അടുത്തിടെ കാലിഫോർണിയയിലെ മോട്ടോർ വാഹന വകുപ്പ് ഡ്രൈവറില്ലാ വാഹനങ്ങൾ ഓടിച്ച് പരീക്ഷിക്കാനുള്ള ലൈസൻസ് നൽകിയിരുന്നു. ലിഡാർ സെൻസറുകൾ അടക്കമുള്ളവ പുത്തൻ ആപ്പിൾ കാറിൽ ഉപയോഗിക്കുമെന്നാണ് സൂചന. എന്നാൽ കാറിൻറെ പേരടക്കമുള്ള വിവരങ്ങൾ കമ്പനി ഇതുവരെയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.