
ഇക്കഴിഞ്ഞ ആറു വർഷത്തിന് ആപ്പിൾ സ്വന്തമാക്കിയത് നൂറോളം കമ്പനികളെ. കമ്പനിയുടെ വാർഷിക നിക്ഷേപക യോഗത്തിൽ കമ്പനി മേധാവി ടിം കുക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതികവിദ്യയും കഴിവും സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഏറ്റെടുക്കലുകളെന്ന് അദ്ദേഹം പറഞ്ഞു.

റാപ്പറും നിർമ്മാതാവുമായ ഡോ.ഡ്രെ തുടക്കമിട്ട ഹെഡ്ഫോൺ നിർമ്മാണ കമ്പനിയായ ബീറ്റ് ഇലക്ട്രോണിക്സ് സ്വന്തമാക്കിയതാണ് കഴിഞ്ഞ ദശാബ്ദത്തിലെ ആപ്പിളിന്റെ ഏറ്റവും വലിയ ഏറ്റെടുക്കൽ. 300 കോടി ഡോളറായിരുന്നു ഈ ഇടപാട് നടന്നത്. ഇക്കഴിഞ്ഞ വർഷം വിവിധ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വെർച്ചൽ റിയാലിറ്റി, പെയ്മെൻറ് സ്റ്റാർട്ടപ്പ്, പോഡ്കാസ്റ്റ് സ്ഥാപനങ്ങളെയും ആപ്പിൾ സ്വന്തമാക്കിയിരുന്നു. മിക്കപ്പോഴും ചെറിയ സാങ്കേതികവിദ്യാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് അവരുടെ ന്യൂതന ആശയങ്ങളെ ആപ്പിളിന്റെ ഉൽപ്പന്നങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് കമ്പനി ചെയ്യാറ്. കഴിഞ്ഞ ആറു വർഷത്തിനിടയിൽ 100 കമ്പനികളെ ഏറ്റെടുത്തുവെങ്കിലും ഏറ്റെടുക്കലുകളുടെ കാര്യത്തിൽ കൃത്യമായ തെരഞ്ഞെടുപ്പ് ആപ്പിൾ നടത്താറുണ്ട്. കൂടാതെ വിപണിയിലെ മുഖ്യ എതിരാളികളായ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ തുകയ്ക്കാണ് ആപ്പിൾ ഓരോ കമ്പനികളും ഏറ്റെടുത്തിട്ടുള്ളത്.