Big B
Trending

കൂടുതൽ സ്വകാര്യവൽക്കരണ ചർച്ചകൾ സജീവമാക്കി സർക്കാർ

ചരിത്രപരമായ എയർ ഇന്ത്യ സ്വകാര്യവൽക്കരണത്തിനുശേഷം കൂടുതൽ സ്വകാര്യവൽക്കരണ നടപടികളുമായി സർക്കാർ മുന്നോട്ട്. എയർ ഇന്ത്യയുടെ സഹസ്ഥാപനമായിരുന്ന അലയൻസ് എയർ ഉൾപ്പെടെയുള്ള നാലു സംരംഭങ്ങളാണ് നിലവിൽ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ ഈ സ്ഥാപനങ്ങളുടെ 14,700 കോടി രൂപ മൂല്യംവരുന്ന ഭൂമി, കെട്ടിടം തുടങ്ങിയ ആസ്തികളും വിറ്റഴിക്കുമെന്ന് ദിപം സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ വ്യക്തമാക്കി. വൻ കടബാധ്യത ഉണ്ടായിരുന്ന എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാൻ സാധിച്ചതു മറ്റു സ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിന് ഇന്ധനമാകുമെന്നാണു വിലയിരുത്തൽ.എയർ ഇന്ത്യയ്‌ക്കൊപ്പം വിൽപ്പന പട്ടികയിൽ ഇടംപിടിച്ചിരുന്ന അനുബന്ധ കമ്പനികളെ സ്വകാര്യവൽക്കരിച്ചു ബാധ്യതകൾ ഒഴിവാക്കുകയാണു ലക്ഷ്യമെന്ന് പാണ്ഡെ പറഞ്ഞു. എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനു മുൻകൈയെടുത്ത ഉദ്യോഗസ്ഥനാണു പാണ്ഡെ. ഇനി വിൽക്കാനുള്ള സ്ഥാപനങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്.എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണമായിരുന്നു സർക്കാരിന്റെ പ്രഥമ പരിഗണന. എയർ ഇന്ത്യ എയർ ട്രൻസ്‌പോർട്ട് ലിമിറ്റഡ്, എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡ്, എയർ ഇന്ത്യ എൻജിനിയറിങ് സർവീസസ് ലിമിറ്റഡ്, ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയ്‌ക്കൊപ്പം ഇവയുടെ അനുബന്ധ ആസ്തികൾ, പെയിന്റിംഗുകൾ, കലാരൂപങ്ങൾ, മറ്റു പ്രവർത്തനേതര ആസ്തികൾ എന്നിവയാണ് വിറ്റഴിക്കാനുള്ളത്.18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ, ടാറ്റ കുടുംബത്തിലേക്കു മടങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. ഇതിൽ 15,300 കോടി രൂപയുടെ കടം ഏറ്റെടുക്കലും 2,700 കോടിയുടെ പണം നൽകലുമാണ് ഉൾപ്പെടുന്നത്. എയർ ഇന്ത്യയുടെ ഭൂമിയും കെട്ടിടവും ഉൾപ്പെടെ 14,718 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്‌സ് ലിമിറ്റഡിലേക്കു മാറ്റിയിട്ടുണ്ട്. കൂടാതെ ഓഗസ്റ്റ് 31 വരെ ഇന്ധനം വാങ്ങിയതടക്കമുള്ള 15,834 കോടി രൂപയുടെ ബാധ്യതകളും വിൽപ്പനയിലൂടെ കണ്ടെത്തേണ്ടതുണ്ട്. നിലവിലെ വിലയിരുത്തലുകൾ പ്രകാരം എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്‌സ് ലിമിറ്റഡിന്റെ മൊത്തം ബാധ്യത 44,679 കോടിയാണ്. ഈ ആസ്തികൾ കൂടി സ്വകാര്യവൽക്കരിക്കുന്നതു വരെ സർക്കാരിനു ശ്വാസം വിടാനാകില്ല. കാരണം ഇവയുടെ പരിപാലനത്തിനായി പ്രതിദിനം 20 കോടിയോളം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.

Related Articles

Back to top button