
അനിൽ അംബാനിയുടെ അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽ പെടുത്തിയിരിക്കുകയാണ് എസ്ബിഐ. ഡൽഹി ഹൈക്കോടതിയിൽ ബാങ്ക് തന്നെയാണ് ഈ വിവരം അറിയിച്ചത്. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ തുടങ്ങിയ കമ്പനികളുടെ അക്കൗണ്ടുകളും ഇതോടെ തട്ടിപ്പ് വിഭാഗത്തിലായി.

അനിൽ അംബാനിയുടെ കമ്പനികളുടെ അക്കൗണ്ടുകളിലെ ഇടപാടുകളുടെ ഓഡിറ്റിങ് ക്രമക്കേട് കണ്ടെത്തിയതായി എസ്ബിഐ കോടതിയിൽ അറിയിച്ചിരുന്നു. ഇതുപ്രകാരം അക്കൗണ്ടുകൾ തട്ടിപ്പു വിഭാഗത്തിൽപ്പെടുത്തി റിസർവ് ബാങ്കിനെ വിവരമറിയിച്ചതായി ബാങ്ക് കോടതിയിൽ വ്യക്തമാക്കി. റിസർവ് ബാങ്കിൻറെ 2016ലെ സർക്കുലർ പ്രകാരം അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപെടുന്നതിനെതിരെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് മുൻ ഡയറക്ടർ പുനിത് ഗാർഗ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിക്കാരുടെ വാദം കേൾക്കാതെ അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിൻറെ വാദം.