
ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 12 ഗൂഗിൾ വൈകാതെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പുതിയ ആൻഡ്രോയിഡ് പതിപ്പിന്റെ ഫീച്ചറുകൾ, കോഡ് നാമം തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മധുരപലഹാരങ്ങൾ പ്രിയമുള്ള ആൻഡ്രോയ്ഡിന് ഇത്തവണയും മധുരമുള്ളൊരു പേരാണ് ആൻഡ്രോയ്ഡ് 12 ഒഎസിന് നൽകിയിരിക്കുന്നത് എന്നാണ് എക്സ് ഡി എ ഡെവലപ്പേഴ്സ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ആൻഡ്രോയ്ഡ് 11 ന് റെഡ് വെൽവെറ്റ് കേക്ക് എന്നായിരുന്നു പേര് നൽകിയിരുന്നത്.

ആൻഡ്രോയ്ഡ് 12ൽ വൺ ഹാൻഡ് യൂസേജ് മോഡ് ഉണ്ടാകുമെന്നതാണ് മറ്റൊരു സൂചന. ഫോട്ടോഗ്രാഫി, വീഡിയോ അനുഭവം മികച്ചതാക്കാൻ വലിയ സ്ക്രീനുകളാണ് ഇപ്പോൾ ഇറങ്ങുന്ന ഫോണുകളിലുള്ളത്. ഇത്തരം ഫോണുകൾ പലപ്പോഴും ഒരു കൈകൊണ്ട് നിയന്ത്രിക്കുന്നത് പ്രയാസമാണ്. എന്നാൽ കൈകളിലെ തള്ളവിരൽ കൊണ്ട് നാവിഗേഷൻ എളുപ്പമാക്കാൻ സാധിക്കും വിധത്തിലുള്ള വൺ ഹാൻഡ് മോഡ് ആൻഡ്രോയ്ഡ് 12 ഒഎസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ആൻഡ്രോയ്ഡ് 12 ന്റെ യൂസർ ഇൻറർഫേസ് രൂപകല്പനയിലും മാറ്റമുണ്ടായേക്കാം. മറ്റ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളുടെ തീം രൂപകല്പനയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുള്ള മാറ്റം ഇതിലും പ്രതീക്ഷിക്കാം. പിക്ചർ ഇൻ പിക്ചർ മോഡ് താല്പര്യമനുസരിച്ച് വലുപ്പം ക്രമീകരിക്കാനുള്ള സൗകര്യം, ആൻഡ്രോയ്ഡ് 11 ൽ അവതരിപ്പിക്കപ്പെട്ട ചാറ്റ് ബബിൾ ഫീച്ചറിന്റെ അനിമേഷൻ, ഗെയിമിംഗ് മോഡ്, കൂടുതൽ മെച്ചപ്പെട്ട ഓട്ടോ റൊട്ടേഷൻ, തുടങ്ങിയ ഫീച്ചറുകളും ആൻഡ്രോയ്ഡ് 12 ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.