
ആൻഡ്രോയിഡ് ഫയൽ ഷെയറിങ് ആപ്ലിക്കേഷനായ ഷെയർ ഇറ്റിൽ നിരവധി സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തൽ. ഉപഭോക്താക്കളെ ഹാക്കിങ് ഭീക്ഷണിയിലാക്കും വിധത്തിലുള്ളതാണ് ആപ്ലിക്കേഷനിലെ തകരാറുകൾ. ആൻഡ്രോയ്ഡ് പാക്കേജ് ഫയലുകൾ ഉൾപ്പെടെയുള്ളവ ഈ ആപ്പ് വഴി പങ്കുവയ്ക്കാനാവുമെന്നതും ഭീഷണി വർദ്ധിപ്പിക്കുന്നു.

കൂടാതെ,ഹാക്കർമാർക്ക് ഫോണിലെ വിവരങ്ങൾ ചോർത്താനും സ്മാർട്ട് ഫോണുകളിലെ അപകടകരമായ കോഡുകൾ പ്രവർത്തിപ്പിക്കാനും ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ വഴിവെച്ചേക്കാം. സൈബർ സുരക്ഷാ സ്ഥാപനമായ ട്രെൻഡ് മൈക്രോയാണ് ഈ തകരാറ് കണ്ടെത്തിയത്. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ആപ്ലിക്കേഷനാണ് ഷെയർ ഇറ്റ്. എന്നാൽ നേരത്തെ ഇൻസ്റ്റാൾ ചെയ്ത ഫോണുകളിൽ ഇത് ഇപ്പോഴും ഉപയോഗിക്കാൻ സാധിക്കും. നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇന്ത്യയിലെ പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആപ്പിനെ സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കില്ല. ഇതും പ്രശ്നം സൃഷ്ടിച്ചേക്കാം.