
എയർടെലും ആമസോൺ പ്രൈമും ചേർന്ന് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ പ്ലാൻ അവതരിപ്പിച്ചു. 89 രൂപയിൽ ആരംഭിക്കുന്ന പ്ലാനാണ് അവതരിപ്പിച്ചത്. ഈ പ്ലാനിലൂടെ സ്റ്റാൻഡേർഡ് ഡെഫനിഷനിൽ വീഡിയോകൾ ഉപഭോക്താക്കൾക്ക് ആസ്വദിക്കാം. നിലവിൽ ഇന്ത്യയിൽ മാത്രമാണ് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ലഭ്യമാവുക.

വിവിധ എയർടെൽ പ്രീപെയ്ഡ് പ്ലാനിനോടൊപ്പമാണ് ഈ ആനുകൂല്യം ലഭിക്കുക. അതായത് എയർടെലിന്റെ വിവിധ റീച്ചാർജ് പ്ലാനുകൾക്കൊപ്പം ആമസോൺ പ്രൈം മൊബൈൽ ഓൺലൈൻ സബ്സ്ക്രിപ്ഷനും ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ എയർടെൽ മൊബൈൽ നമ്പർ ഉപയോഗിച്ച് ആമസോൺ പ്രൈം സബ്സ്ക്രൈബ് ചെയ്യാം. ഇവർക്ക് ഒരു മാസത്തേക്ക് സൗജന്യമായും പ്രൈം ആസ്വദിക്കാം. 89 രൂപ മുതൽ 2698 രൂപവരെയുള്ള വാർഷിക പ്ലാനിൽ വരെ വിവിധ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ലഭിക്കും.