
ഇ-കൊമേഴ്സ് മേഖല വാഴുന്ന ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. നേരിട്ടുള്ള വിദേശനിക്ഷേപ നയം, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) എന്നിവ ലംഘിച്ചാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അടക്കമുള്ളവരുടെ പരാതി പരിഗണിച്ചാണ് സർക്കാർ നീക്കം.

ഇരു കമ്പനികൾക്കുമെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനോടും(ഇഡി) റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും കേന്ദ്രം നിർദ്ദേശിച്ചത് ഇക്കഴിഞ്ഞ മാസമാണ്. ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ നിരവധി പരാതികളാണ് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് നൽകിയിട്ടുള്ളതെന്ന് സിഎഐടി പ്രസിഡൻറ് ബി സി ഭാർതിയ പറഞ്ഞു. വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാർട്ട്മെൻറ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റേണൽ ട്രെയ്ഡ് ഇരു കമ്പനികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇഡിയ്ക്കും ആർബിഐയ്ക്കും കത്തയച്ചെന്ന് സിഎഐടി ഭാരവാഹികൾ പറയുന്നു. ഇ-കൊമേഴ്സ് രംഗത്തെ പല കമ്പനികളും രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നില്ലെന്നും ഇത് പരമ്പരാഗത വ്യാപാരികൾക്ക് തിരിച്ചടിയാണെന്നും നേരത്തെ തന്നെ പരാതികൾ ഉയർന്നിട്ടുണ്ട്.