
ഉത്സവ വിൽപ്പന കാലയളവിൽ ഇ-കോമേഴ്സ് കമ്പനികളായ ആമസോണും ഫ്ലിപ്കാർട്ടും 2.5 കോടിയോളം സ്മാർട്ട്ഫോണുകൾ വിൽക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കമ്പനികളുടെ മൊത്തം വിൽപനയുടെ 60 ശതമാനത്തിലധികമാണിത്. 2020ലെ ആകെ സ്മാർട്ട്ഫോണുകളുടെ വിൽപ്പന 12.8 കോടിയായിരിക്കുമെന്നും ഇതിൽ തന്നെ 2020 അവസാനപാദത്തിലെ വില്പന 4.1 കോടിയോളമാകുമെന്നും കമ്പനികൾ കണക്കാക്കുന്നു.

സ്മാർട്ട്ഫോൺ വിൽപ്പനയിൽ മികച്ച നേട്ടം കൊയ്യുന്നത് സാംസങ്ങും റിയൽമിയുമാണ്. ഷവോമി,ഓപ്പോ, വിവോ എന്നിവ ശരാശരി വിൽപനയിൽ നിൽക്കുന്നു. എന്നാൽ നോക്കിയ, ലെനോവോ (മോട്ടോറോള ഉൾപ്പെടെ), പോക്കോ കൊക്കോ എന്നിവയുടെ വിൽപ്പന താരതമ്യേന കുറവാണ്. വൺപ്ലസ്, ആപ്പിൾ എന്നിവ വരും ദിവസങ്ങളിൽ നേട്ടമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മൊബൈൽ വിഭാഗം സന്ദർശിക്കുന്ന ഉപഭോക്താക്കളിൽ ഫ്ലിപ്കാർട്ട് രണ്ടുമടങ്ങ് വളർച്ച രേഖപ്പെടുത്തി. ഒപ്പം സ്മാർട്ട്ഫോണുകളുടെ പ്രീമിയം വിഭാഗത്തിൽ 3.2 മടങ്ങ് വളർച്ചയുമുണ്ടായി. ഇത് പ്രധാനമായും ആപ്പിൾ, ഗൂഗിൾ, സാംസങ് ഫോണുകൾക്ക് മേലാണ്.
ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച പാക്കേജ് സ്മാർട്ട്ഫോൺ വിപണിയിൽ ഗുണം ചെയ്തുവെന്ന് വിലയിരുത്തലുകളുണ്ട്.