
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ 36.74 ലക്ഷം പുതിയ വയർലെസ് വരിക്കാരെ ചേർത്തു. എന്നാൽ വരിക്കാരുടെ എണ്ണത്തിൽ മുന്നിൽനിൽക്കുന്ന റിലയൻസ് ജിയോയ്ക്ക് 22 ലക്ഷം പുതിയ വരിക്കാരെ മാത്രമാണ് ചേർക്കാൻ സാധിച്ചത്. അതേസമയം വോഡഫോൺ ഐഡിയയ്ക്ക് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 26.5 ആറു ലക്ഷം വരിക്കാരെയാണ് അവർക്ക് നഷ്ടമായത്.

തുടർച്ചയായ മൂന്നാം മാസമാണ് എയർടെൽ വയർലെസ് വരിക്കാർ ചേർക്കുന്നതിൽ ജിയോയെ പിന്നിലാക്കിയിരിക്കുന്നത്. പുതിയ കണക്കുകൾ പ്രകാരം വോഡഫോൺ ഐഡിയ ഉപഭോക്താക്കളെ മൊത്തത്തിൽ നഷ്ടപ്പെട്ടുവെങ്കിലും പുതിയ ബ്രോഡ്ബാൻഡ് ഉപഭോക്താക്കളെ ചേർക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. കമ്പനി 0.65 ദശലക്ഷം വയർലെസ് ബ്രോഡ്ബാൻഡ് വരിക്കാരെ ചേർത്തു. ജിയോയ്ക്ക് 40.63 കോടിയും എയർടെലിന് 16.75 കോടിയും വോഡഫോൺ ഐഡിയയ്ക്ക് 12.04 കോടിയും വയർലെസ് ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലെ കണക്കുകൾ പ്രകാരം ജിയോയ്ക്ക് 40.63 കോടി മൊത്തം വരിക്കാറുണ്ട്. തൊട്ടുപിന്നിൽ ഭാരതി എയർടെലിന് 33.02 കോടി വരിക്കാരും വോഡഫോൺ ഐഡിയയ്ക്ക് 29.28 കോടി വരിക്കാരുമാണുള്ളത്. നാലാം സ്ഥാനത്തുള്ള ബിഎസ്എൻഎല്ലിന് 11.88 കോടി ഉപഭോക്താക്കളുണ്ട്.