
രാജ്യത്തെ ടെലികോം വിപണിയിലെ മത്സരം മുറുകുമ്പോൾ പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ ജിയോയെ പിന്നിലാക്കി മുന്നിൽ എത്തിയിരിക്കുകയാണ് എയർടെൽ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബറിലെ വരിക്കാരുടെ എണ്ണത്തിലാണ് എയർടെൽ മുന്നിലെത്തിയിരിക്കുന്നത്. നാലു വർഷത്തിനിടെ ഇതാദ്യമായാണ് എയർടെൽ മുന്നിലെത്തുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം ഭാരതി എയർടെൽ 38 ലക്ഷം പുതിയ വരിക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഈ കാലയളവിൽ ജിയോയ്ക്ക് നേടാൻ കഴിഞ്ഞത് വെറും 15 ലക്ഷം വരിക്കാരെ മാത്രമാണ്. എങ്കിലും മൊത്തം വരിക്കാരുടെ എണ്ണത്തിൽ ജിയോ തന്നെയാണ് മുന്നിൽ.എയർടെൽ നേട്ടം കൊടുത്തപ്പോൾ വോഡഫോൺ ഐഡിയ കമ്പനിക്ക് നഷ്ടമായത് 35 ലക്ഷത്തിലധികം വരിക്കാരേയാണ്. സെപ്റ്റംബറിൽ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം വർധിച്ച് 95 ലക്ഷത്തിലെത്തി. ഇതിൽ 70 ലക്ഷത്തിലധികം വരിക്കാർ ഭാരതി എയർടെലിനും 17 ലക്ഷത്തിലധികം വരിക്കാർ റിലയൻസ് ജിയോയ്ക്കുമാണ്. സെപ്റ്റംബറിലെ കണക്കുപ്രകാരം റിലയൻസ് ജിയോയ്ക്ക് 40.6 കോടി വരിക്കാരും എയർടെലിന് 24.6 കോടി വരിക്കാരുമുണ്ട്.