Big B
Trending

രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളികൾക്ക്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത് മലയാളിക്ക്. ആസ്തിമൂല്യവുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലുള്ളവരെക്കാൾ കടബാധ്യത കേരളത്തിലുള്ളവർക്കാണ്. ഇതരസംസ്ഥാനങ്ങളിൽ നഗരമേഖലയിലുള്ളവർക്കാണ് കൂടുതൽ കടബാധ്യത. കേരളത്തിലാവട്ടെ ഗ്രാമീണമേഖലയിലുള്ളവർക്കും.നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കഴിഞ്ഞദിവസം പുറത്തിറക്കിയ ദേശീയ കടം-നിക്ഷേപ സർവേഫലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിൽ ഗ്രാമീണമേഖലയിൽ 2.41 ലക്ഷം രൂപയും നഗരപ്രദേശങ്ങളിൽ 2.33 ലക്ഷം രൂപയുമാണ്‌ കുടുംബത്തിന്റെ ശരാശരി കടം. അതേസമയം, ഗ്രാമീണകുടുംബത്തിന്റെ ശരാശരി ആസ്തിമൂല്യം 24.78 ലക്ഷം രൂപയും നഗരകുടുംബത്തിന്റേത്‌ 32.12 ലക്ഷം രൂപയുമാണ്‌. ആസ്തിമൂല്യത്തിൽ പഞ്ചാബിനും ഹരിയാണയ്ക്കും പിന്നിൽ മൂന്നാമതാണ്‌ കേരളമെങ്കിലും കടബാധ്യതയുടെ കാര്യത്തിൽ ഒന്നാമതാണ്‌.മറ്റുസംസ്ഥാനങ്ങളിലേതുപോലെ നഗര-ഗ്രാമീണ വ്യത്യാസമില്ലാത്ത സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ടുതന്നെ ആസ്തിമൂല്യവും ശരാശരി കടവും ഏതാണ്ട്‌ തുല്യമാണെന്ന്‌ പറയാമെങ്കിലും മറ്റിടങ്ങളിൽനിന്ന്‌ ഭിന്നമായി ഗ്രാമീണ മേഖലയിലാണ്‌ കടം കൂടുതലെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രാമീണമേഖലയിൽ ആസ്തി-കടം അനുപാതം കൂടുതൽ കേരളത്തിലാണ്-9.7 ശതമാനം. രണ്ടാംസ്ഥാനത്തുള്ള ആന്ധ്രപ്രദേശിൽ ഇത്‌ 9.1 ആണ്‌. കേരളത്തിലെ നഗരമേഖലയിൽ ഇത്‌ 7.3 ശതമാനമാണ്‌.ദേശീയതലത്തിൽ ഗ്രാമീണകുടുംബത്തിന്റെ ശരാശരികടം 60,000 രൂപയും നഗരകുടുംബത്തിന്റേത്‌ 1.2 ലക്ഷം രൂപയുമാണ്‌. ഇതിനുമുൻപ്‌ 2013-ൽ പുറത്തുവന്ന സർവേയിലും മലയാളിതന്നെയായിരുന്നു കടത്തിൽ മുന്നിൽ.2018 ജൂൺ 30 അടിസ്ഥാനമായെടുത്ത് അതുവരെയുള്ള കാലത്ത്‌ കുടുംബങ്ങളുടെ ആസ്തി, കടം, നിക്ഷേപം തുടങ്ങിയ കാര്യങ്ങൾ അറിയാനാണ്‌ സർവേനടത്തിയത്‌. 2019 ജനുവരിക്കും ഡിസംബറിനും ഇടയിലായിരുന്നു ഇത്‌. മുൻപ്‌ നടത്തിയ സർവേയിൽ ഭൂമി, വീട്‌, മറ്റ്‌ ആസ്തികൾ, നിക്ഷേപം, കടം മുതലായവയുടെ വിവരങ്ങൾമാത്രമാണ്‌ ചോദിച്ചറിഞ്ഞിരുന്നത്‌. ഇക്കുറി ബാങ്ക്‌ അക്കൗണ്ടുകൾ, ക്രെഡിറ്റ്‌ കാർഡ്‌ ഉപയോഗം, ഭൂമിയുടെ ഉടമസ്ഥാവകാശം, വനിതകളുടെ പേരിലുള്ള ഭൂമി, അടുക്കളത്തോട്ടത്തിന്റെ വിസ്തീർണം, ഇൻഷുറൻസുകളിലും പെൻഷൻ ഫണ്ടുകളിലുമുള്ള നിക്ഷേപം, പ്രീമിയം വിവരങ്ങൾ, പ്രതിമാസച്ചെലവ്‌ തുടങ്ങിയവയും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിരുന്നു.

Related Articles

Back to top button