
ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങൾ അപകടം മുന്കൂട്ടി അറിയുന്ന വാഹനങ്ങൾ എന്നിവയ്ക്ക് പിന്നാലെ ഭാവിയിലെ താരമാവാൻ ഒരുങ്ങുകയാണ് ഫ്ളൈയിങ്ങ് കാറുകളും. അതിനു മുന്നോടിയായി സ്ലോവാക്യയിലെ പിയസ്റ്റാനി വിമാനത്താളവത്തിൽ എയർകാറിന്റെ പരീക്ഷണവും നടത്തി കഴിഞ്ഞു. സ്ലോവാക്യൻ കമ്പനിയായ ക്ലൈൻ വിഷനാണ് പറക്കും കാറുകളെ യാഥാർഥ്യമാക്കാൻ ഒരുങ്ങുന്നത്. പരീക്ഷണത്തിൽ രണ്ട് ലാൻഡിങ്ങും രണ്ട് ടേക്ക്-ഓഫും വിജയകരമായി പൂർത്തിയാക്കിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

റോഡിലൂടെ ഓടുന്ന ഒരു കാർ വെറും മൂന്ന് മിനിറ്റിൽ വിമാനമായി മാറുന്ന സാങ്കേതികവിദ്യയാണ് ക്ലൈൻ വിഷൻ അവതരിപ്പിക്കുന്നത്. വൺ-ടച്ചിലൂടെ ഇത് സാധ്യമാക്കും. കഴിഞ്ഞ 30 വർഷമായി കമ്പനി പറക്കും കാറുകളുടെ പണിപ്പുരയിലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റെഫാൻ ക്ലൈൻ എന്നയാളാണ് എയർകാർ എന്ന് പേരിട്ടിരിക്കുന്ന ഈ പറക്കും കാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഷാങ്ഹായിയിൽ 2019 ൽ നടന്ന ചൈന ഇന്റർനാഷണൽ ഇംപോർട്ട് എക്സ്പോയിലാണ് ആദ്യമായി ഈ വാഹനം പ്രദർശിപ്പിക്കുന്നത്. 138 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ബി.എം.ഡബ്ല്യുവിന്റെ 1.6 ലിറ്റർ എൻജിനാണ് എയർകാറിൽ ഉണ്ടാവുക. 1000 കിലോമീറ്റർ ട്രാവലിങ്ങ് റേഞ്ചാണ് ഇവയ്ക്ക് കണക്കാക്കുന്നത്. 200 കിലോഗ്രാം ഭാരം വഹിക്കാൻ ഈ കാറുകൾക്കാകും. കാറിന്റെ ആകെ ഭാരം 1000 കിലോഗ്രാമാണ്. എയർ കാറിന്റെ നിർമ്മാതാവായ സ്റ്റെഫാൻ ക്ലൈൻ നിർമ്മിച്ച ഇതേ രീതിയിലുള്ള മറ്റൊരു പ്രോട്ടോടൈപ്പ് വാഹനമാണ് എയ്റോ മോബൈൽ.
ഇതിനകം തന്നെ, ആദ്യമായി നിർമിച്ച എയർകാർ വാങ്ങാൻ ഒരാൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ക്ലൈൻ വിഷൻ പറയുന്നു. സ്ലോവാക്യയയിലെ സ്പോർട്ട് എയർക്രാഫ്റ്റ് നിർമാതാക്കളിൽ ഒന്നാണ് ക്ലൈൻ വിഷൻ.