
ഇൻറർനെറ്റിനെ ഒരു ബഹുമുഖ അനുഭവമാക്കി തീർത്ത പ്രധാന ഘടകങ്ങളിലൊന്നായിരുന്നു അഡോബി ഫ്ലാഷ്. പ്രതിഭകളുടെ സർഗ്ഗാത്മകതയ്ക്ക് അവസരം നൽകിയ പ്രോഗ്രാമാണ് ഫ്ലാഷ്. എന്നാൽ ഇന്ന് ടെക്ക് ലോകത്ത് നിന്ന് വിട വാങ്ങുകയാണ് ഫ്ലാഷ്. ഇന്ന് ലോകത്ത് ഒഴിച്ചുകൂടാനാകാത്ത യൂട്യൂബ് സാധ്യമാക്കിയതു പോലും ഫ്ലാഷിൻറെ പിൻബലത്തോടു കൂടിയാണ്.

2005 ൽ ഫ്ലാഷിനെ അഡോബി സ്വന്തമാക്കുമ്പോൾ ലോകത്തുള്ള 98 ശതമാനം കമ്പ്യൂട്ടറുകളിലും അത് വാണിരുന്നെങ്കിൽ ഇന്നത് വെറും 17 ശതമാനം മാത്രമാണ്. 2015 ൽ ഫെയ്സ്ബുക്കും തങ്ങളുടെ വീഡിയോ ഫോർമാറ്റിൽ നിന്ന് ഫ്ലാഷിനെ പുറത്താക്കി. 2016 ആയപ്പോഴേക്കും ഗൂഗിൾ കോമും ഫ്ലാഷ് ഉള്ളടക്കത്തെ സ്വമേധയാ ബ്ലോക്ക് ചെയ്യാൻ തുടങ്ങി. ഫ്ലാഷ് ഭാഷ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഗുരുതരമായി തുടങ്ങിയപ്പോൾ അഡോബി തന്നെ ഫ്ലാഷിന്റെ ബദലിന് പിന്തുണ നൽകി തുടങ്ങി. 2020 ഡിസംബർ 31 ന് ഫ്ലാഷിനുള്ള അപ്ഡേറ്റ് നിർത്തുമെന്ന് അഡോബി നേരത്തെ പ്രഖ്യാപിച്ചിരുന്നു.