Auto
Trending

തമിഴ്‌നാട്ടിൽ 20,000 കോടിയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹ്യുണ്ടായി മോട്ടോഴ്‌സ്

വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‌സ് വാഹനങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഇലക്ട്രിക് വാഹന നിര്‍മാണം കാര്യക്ഷമമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ തമിഴ്നാട്ടിലെ പ്ലാന്റിൽ 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഹ്യുണ്ടായി മോട്ടോഴ്സ് പദ്ധതി ഒരുക്കിയിരിക്കുന്നത്. വരുന്ന പത്ത് വർഷത്തിനുള്ളിലായിരിക്കും ഈ ഭീമമായ നിക്ഷേപം നടത്തുകയെന്നാണ് സൂചന.ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നതിനായി തമിഴ്‌നാട്ടില്‍ ബാറ്ററിപാക്ക് അസംബ്ലി പ്ലാന്റ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 1.78 ലക്ഷം ബാറ്ററി പാക്കുകള്‍ വികസിപ്പിക്കാനുള്ള ശേഷിയിലായിരിക്കും ഈ പ്ലാന്റ് ഒരുങ്ങുക. ഹ്യുണ്ടായി നടത്തുന്ന പുതിയ നിക്ഷേപത്തിലൂടെ കമ്പനിയുടെ വാഹനനിര കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്നും സാങ്കേതികവിദ്യയില്‍ ഏറ്റവും മികച്ചുനില്‍ക്കുന്ന വാഹനങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യയുടെ മേധാവി അഭിപ്രായപ്പെട്ടു. ശ്രീപെരുമ്പുദുര്‍ പ്ലാന്റിന്റെ നിര്‍മാണ ശേഷി പ്രതിവര്‍ഷം 8.5 ലക്ഷം യൂണിറ്റായി ഉയര്‍ത്താനും പദ്ധതികള്‍ ഒരുക്കുന്നുണ്ട്. ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനൊപ്പം തന്നെ നിലവിലെ മോഡലുകള്‍ക്കും മറ്റുമായി ഇന്റേണല്‍ കംബസ്റ്റിന്‍ എന്‍ജിനുകളും (ഐ.സി.ഇ) ഇതേ പ്ലാന്റില്‍ തന്നെ നിര്‍മിക്കുമെന്നാണ് വിവരം. നിലവില്‍ കോന ഇ.വി, അയോണിക് 5 എന്നീ രണ്ട് ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വാഹനനിരയിലുള്ളത്. എന്നാല്‍, കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി സ്മാര്‍ട്ട് ഇ.വി എന്ന പദ്ധതി പ്രഖ്യാപിച്ചാണ് ഹ്യുണ്ടായിയുടെ പ്രവര്‍ത്തനം. ഈ പദ്ധതി അനുസരിച്ച് 10 ലക്ഷം രൂപയില്‍ താഴെ 200 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കുന്ന ഇലക്ട്രിക് മിനി എസ്.യു,വിയും വൈകാതെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button