Auto
Trending

13,500 നെക്‌സോണ്‍ ഇ.വികള്‍ നിരത്തിലെത്തിച്ച് ടാറ്റ മോട്ടോഴ്‌സ്

ഇലക്ട്രിക് കാറുകളുടെ വിഭാഗത്തിൽ വ്യക്തമായ മേൽക്കൈനേടാൻ രാജ്യത്തിന്റെ സ്വന്തം വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ടാറ്റയുടെ ഇലക്ട്രിക് എസ്.യു.വി. മോഡലായ നെക്സോൺ ഇ.വി. കൈവരിച്ചിട്ടുള്ള വിൽപ്പന നേട്ടം.വിപണിയിൽ എത്തി രണ്ട് വർഷത്തോളം പിന്നിടുമ്പോൾ 13500 നെക്സോൺ ഇ.വികൾ നിരത്തുകളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിൽ ഏറ്റവും ഉയർന്ന വിൽപ്പനയാണിതെന്നാണ് വിലയിരുത്തലുകൾ. 2021 ഏപ്രിൽ വരെയുള്ള കണക്ക് അനുസരിച്ച് വെറും 4000 നെക്സോൺ ഇ.വിയാണ് ടാറ്റ മോട്ടോഴ്സ് നിരത്തുകളിൽ എത്തിച്ചിരുന്നത്. എന്നാൽ, പിന്നീടുള്ള ഒമ്പത് മാസത്തിൽ ഇത് 13,500 എന്ന സംഖ്യയിലേക്ക് ഉയരുകയായിരുന്നു.ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഇലക്ട്രിക് എസ്.യു.വി. എന്ന നിലയിൽ വലിയ സ്വീകാര്യത ഈ വാഹനത്തിന് കൈവന്നിട്ടുണ്ടെന്നും ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നു. ടാറ്റ മോട്ടോഴ്സിന്റെ വെളിപ്പെടുത്തൽ അനുസരിച്ച് പ്രതിമാസം ശരാശരി 1000 ഇലക്ട്രിക് നെക്സോൺ വിൽക്കുന്നുണ്ടെന്നാണ് വിവരം. 14.29 ലക്ഷം രൂപ മുതൽ 16.90 ലക്ഷം രൂപ വരെയാണ് നെക്സോൺ ഇ.വിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. മറ്റ് മോഡലുകൾക്ക് ഇത് 20 ലക്ഷത്തിനും മുകളിലാണ്.ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോൺ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സർട്ടിഫൈഡ് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിലൂടെ നെക്സോൺ ഇ.വി 312 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ഉറപ്പുനൽകുന്നത്.

Related Articles

Back to top button