
വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡുമായി കൈകോർത്തു. ഫ്ലിപ്കാർട്ടുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി അദാനി ലോജിസ്റ്റിക്സ് ലിമിറ്റഡ് മുംബൈയിലെ ലോജിസ്റ്റിക് ഹബിൽ 5.34 ലക്ഷം ചതുരശ്രയടി വെയർഹൗസ് നിർമ്മിക്കും.

പശ്ചിമ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഇ-കൊമേഴ്‌സ് സേവനങ്ങളുടെ ആവശ്യം പരിഹരിക്കുന്നതിനും ചെറുകിട സംരംഭകർക്ക് വലിയ വിപണിയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിന് പിന്തുണയ്ക്കുന്നതിനുമായി ഫ്ലിപ്കാർട്ടിന്അദാനി ഗ്രൂപ്പ് ഈ വെയർ ഹൗസ് പാട്ടത്തിന് നൽകും.ഇന്ത്യയിൽ വിപണന ശൃംഖല വികസിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ അടിസ്ഥാന സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് അദാനി ഗ്രൂപ്പുമായി വാണിജ്യ പങ്കാളിത്തത്തിൽ ഏർപ്പെട്ടതെന്ന് ഫ്ലിപ്കാർട്ട് പ്രസ്താവനയിൽ പറഞ്ഞു. ലോജിസ്റ്റിക്‌സ്, ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം 2,500ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.ഇതുകൂടാതെ എഡ്ജ്കോണെക്സും അദാനി എന്റർപ്രൈസസ് ലിമിറ്റഡും ചേർന്ന് രൂപീകരിച്ച പുതിയ സംയുക്ത സംരംഭമായ അഡാനിക്കോണെക്സിൽ ഫ്ലിപ്കാർട്ട് മൂന്നാമത്തെ ഡാറ്റാ സെന്റർ സ്ഥാപിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭമാണ് അഡാനിക്കോണെക്സ്.