
മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങള്‍ മുതലെടുത്ത് പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാവായ എയ്‌സറിനെതിരെ കടുത്ത ആക്രമണമുണ്ടായി. ആര്‍ഈവിള്‍ (REvil) എന്ന റാന്‍സംവെയര്‍ കമ്പനിയാണ് തയ്‌വാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എയ്‌സര്‍ കമ്പനിക്കു നേരെ ആക്രമണം നടത്തിയത്.

മൈക്രോസോഫ്റ്റിന്റെ എക്‌സ്‌ചേഞ്ച് സോഫ്റ്റ്‌വെയറിലെ സുരക്ഷാവീഴ്ച മുതലെടുത്തു കയറിക്കൂടിയ ആക്രമണകാരികള്‍ അഞ്ചു കോടി ഡോളര്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.തങ്ങള്‍ എയ്‌സറിന്റെ ഡേറ്റാ സൈറ്റിലേക്കു കടന്നുകയറിയതായി ആര്‍ഈവിള്‍ അറിയിച്ചു. തങ്ങള്‍ കൈവശപ്പെടുത്തിയ ചില ഫയലുകളുടെ സ്‌ക്രീന്‍ഷോട്ടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമ്പത്തിക സ്‌പ്രെഡ് ഷീറ്റുകള്‍, ബാങ്ക് ബാലന്‍സ്, ബാങ്കുമായി നടത്തിയ സംഭാഷണങ്ങള്‍ തുടങ്ങിയവയൊക്കെ ഉള്‍പ്പടെയാണ് കാണിച്ചിരിക്കുന്നത്.അതേസമയം, ഹാക്കർമാർ പണം ചോദിച്ചതായി എയ്സർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, തങ്ങള്‍ ഒരു അസ്വാഭാവിക സാഹചര്യത്തില്‍ പെട്ടിരിക്കുകയാണെന്നും, ഇക്കാര്യം തങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന വിവിധ രാജ്യങ്ങളിലെ ബന്ധപ്പെട്ട നിയമപാലകരെയും, അധികാരികളെയും അറിയിച്ചിരിക്കുന്നതായും കമ്പനി പറഞ്ഞു.