
പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം. നിലവിലെ പ്രഖ്യാപനം അനുസരിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കും.ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ ഏപ്രിൽ ഒന്നുമുതൽ അസാധുവായിരിക്കും. ഒപ്പം ഈ രേഖകൾ ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യതയുണ്ട്.

2020 ജൂൺ 30 വരെയായിരുന്നു ആധാറും പാനും ബന്ധിപ്പിക്കാൻ നേരത്തെ സമയം അനുവദിച്ചിരുന്നത്. കോവിഡ്-19 പശ്ചാത്തലത്തിലാണ് ഇത് സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. വീണ്ടും സമയം നീട്ടാനുള്ള സാധ്യത കുറവാണ്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകളിൽ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കും.അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴചുമത്താൻ നിയമം അനുവദിക്കുന്നു.എൻആർഐകൾക്ക് പാൻ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നിർബന്ധമില്ല. എന്നിരുന്നാലും ആധാർ എടുത്തിട്ടുള്ളവർക്ക് പാനുമായി ബന്ധിപ്പിക്കാവുന്നതാണ്.