Startup
Trending

അമേരിക്കൻ സ്റ്റാർട്ടപ്പായ എപിക് ഇനി ബൈജൂസിന് സ്വന്തം

മൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനിയായ ‘ബൈജൂസ്’ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വായനാ പ്ലാറ്റ്ഫോം സ്റ്റാർട്ടപ്പായ ‘എപികി’നെ ഏറ്റെടുത്തു. ഇന്ത്യൻ വിപണിക്കു പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഇടപാടു സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 50 കോടി ഡോളറിന്റെ (3,700 കോടിയോളം രൂപ) ഇടപാടാണിതെന്നാണ് വിവരം.ലോകത്തെ 250 മുൻനിര പബ്ലിഷർമാരുടെ ഉന്നത നിലവാരത്തിലുള്ള 40,000 പുസ്തകങ്ങളുടെ ശേഖരമാണ് ‘എപികി’നുള്ളത്. അമേരിക്കയിൽ ‘ബൈജൂസി’ന്റെ രണ്ടാമത്തെ ഏറ്റെടുക്കലാണിപ്പോഴത്തേത്. 2019-ൽ വിദ്യാഭ്യാസ ഗെയിമുകൾ തയ്യാറാക്കുന്ന ഒസ്മോയെ 12 കോടി ഡോളറിന് (850 കോടി രൂപ) ബൈജൂസ് ഏറ്റെടുത്തിരുന്നു.അമേരിക്കൻ വിപണിയിൽ വലിയ സാന്നിധ്യമുള്ള കോഡിങ് സ്റ്റാർട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറിനെയും കഴിഞ്ഞ വർഷം സ്വന്തമാക്കി. ‘ബൈജൂസി’ന്റെ മൂല്യം ഫിൻടെക് കമ്പനിയായ പേടിഎമ്മിനെയും മറികടന്ന് അടുത്തിടെ 1,650 കോടി ഡോളറിൽ (1.23 ലക്ഷം കോടി രൂപ) എത്തിയിട്ടുണ്ട്.ഭാവി തലമുറയ്ക്ക് വായനയിൽ പ്രചോദനമാകും ‘എപിക്’ എന്നും അവർക്ക് ജീവിതകാലം മുഴുവൻ പഠനാനുഭവം പകരാൻ വഴിയൊരുക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്നും ‘ബൈജൂസ്’ ചീഫ് സ്ട്രാറ്റജി ഓഫീസർ അനിത കിഷോർ പറഞ്ഞു.

Related Articles

Back to top button