
പത്തനംതിട്ടയിൽ നിന്നു ഗവി, വണ്ടിപ്പെരിയാർ, പരുന്തുംപാറ വഴി വാഗമണ്ണിലേക്ക് ഉഗ്രൻ ഏകദിന വിനോദയാത്രയൊരുക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.പത്തനംതിട്ട കെ.എസ്.ആർ.ടി.സി. ടെർമിനലിൽ നിന്നുമുള്ള ടൂർ പാക്കേജ് സർവീസ് അടുത്തയാഴ്ച ആരംഭിക്കും.36 സീറ്റുള്ള ഓർഡിനറി ബസാണ് സർവീസ് നടത്തുന്നത്. ഓൺലൈൻ ബുക്കിങ് സംവിധാനവും ഏർപ്പെടുത്തും. നിലവിലുള്ള പത്തനംതിട്ട – ഗവി-കുമളി ഓർഡിനറി യാത്രാ സർവീസിന് പുറമേയാണിത്. ഗവി-വണ്ടിപ്പെരിയാർ-പരുന്തുംപാറ- വാഗമൺ ടൂറിസം പാക്കേജിൽ ഒരാൾക്ക് 700 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. വനമേഖലയിലൂടെ യാത്രചെയ്യുന്നതിനാൽ വനംവകുപ്പിന് അടയ്ക്കേണ്ട 100 രൂപയുടെ പാസ് അടക്കമാണിത്.മൂന്ന് മുതൽ അഞ്ചു വരെ ബസുകൾ ഇതിനായി അനുവദിക്കാനാണ് ആലോചന. ആവശ്യമനുസരിച്ചാകും ഈ ക്രമീകരണം. യാത്രക്കാർ ആവശ്യപ്പെടുന്ന പ്രധാന പോയിൻറുകളിൽ കാഴ്ചകൾ കാണാൻ ബസ് നിർത്തും. രാവിലെ ആറിന് പുറപ്പെട്ട് രാത്രിയോടെ പത്തനംതിട്ടയിൽ തിരിച്ചെ ത്തും. വാഗമണ്ണിൽനിന്ന് മുണ്ടക്കയം വഴിയാണ് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്ര. ടൂർ പാക്കേജ് സർവീസ് ആരംഭിക്കുന്നതിന് ഇനി വനംവകുപ്പിന്റെ അനുമതികൂടി മതിയെന്ന് പത്തനംതിട്ട ഡി.ടി.ഒ. തോമസ് മാത്യു വൃക്തമാക്കി. റാന്നി ഡി.എഫ്.ഒ.യ്ക്ക് അപേക്ഷ നൽകി. ഈയാഴ്ച അനുമതി ലഭിച്ചേക്കുമെന്നും ഡി.ടി .ഒ. പറഞ്ഞു.ദൂരസ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് പത്തനംതിട്ടയിൽ രാത്രിയിൽ തങ്ങി പുലർച്ചെ യാത്ര തുടങ്ങുന്നതിന് കെ.എസ്.ആർ.ടി. സി. ടെർമിനലിൽ താമസസൗകര്യം ഏർപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി 150 കിടക്കകളാണ് ക്രമീകരിക്കുന്നത്.ഒന്നര മാസത്തിനുള്ളിൽ ഈ സംവിധാനമൊരുക്കും.ബസ് ടെർമിനലിൽ കുടുംബശ്രീ കഫെ ആരംഭിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ടെർമിനലിന് പുറത്ത് ഷോപ്പിങ് കോംപ്ലക്സിനോട് ചേർന്ന് പേ ആൻഡ് പാർക്ക് സംവിധാനവും ഉടനെ ആരംഭിക്കും.
