
ഈ വർഷം റിപ്പോർട്ട് ചെയ്തത് സൈബർ കുറ്റകൃത്യ പരാതികളിൽ 62 ശതമാനവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതെന്ന് പോലീസിൻറെ പുതിയ റിപ്പോർട്ട്. ഇത്തരം പരാതികളിൽ 24 ശതമാനവും സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടതാണ്. 14 ശതമാനം ഹാക്കിംഗ്, ഡാറ്റാ മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതാണ്. സൈബർ കുറ്റകൃത്യങ്ങളുടെ പരാതികളിൽ പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളാണ്.

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയും 125 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വ്യാജ കോൾ സെൻററുകൾ വിദേശ പൗരന്മാരെ വഞ്ചിക്കാൻ വൻതോതിൽ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത്തരം വ്യാജ കോൾ സെൻററുകൾ പ്രധാനമായും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലെ പൗരന്മാരാണ് ലക്ഷ്യമിടുന്നത്. മൈക്രോസോഫ്റ്റ്, ആപ്പിൾ, എച്ച്പി,എടി ആൻഡ് ടി തുടങ്ങിയ പ്രമുഖ കമ്പനികളുടെ പേരിലേണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ഡൽഹി പോലീസിന് മാത്രം ലഭിച്ച പരാതികൾ പരിശോധിച്ചാൽ വ്യക്തികളുടെ വീഡിയോകൾ മോർഫ് ചെയ്ത് തട്ടിപ്പുകൾ നടത്തുന്ന കേസുകൾ പല മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ടെക്ക് സപ്പോർട്ട്, ഇമിഗ്രേഷൻ എന്നിവയുടെ പേരിലും തട്ടിപ്പുകൾ നടക്കുന്നുണ്ട്.