
ടിവി ചാനലുകൾ നിലവിൽ ഉപയോഗിച്ചുവരുന്ന സ്‌പെക്ട്രം ടെലികോം കമ്പനികള്‍ക്ക് 5ജി സേവനങ്ങള്‍ക്കായി അനുവദിച്ചു നല്‍കിയാല്‍ ടെലിവിഷന്‍ പ്രക്ഷേപണം തടസപ്പെടുമെന്ന ഭീതി അറിയിച്ചിരിക്കുകയാണ് രാജ്യത്തെ ടിവി ബ്രോഡ്കാസ്റ്റര്‍മാരുടെ സംഘടനയായ ദി ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ (ഐബിഎഫ്).ഈ ഭീതി ക്യാബിനറ്റ് സെക്രട്ടറി, നീതി ആയോഗ് സിഇഒ, ഡോട്ട്, ഐബി എന്നിവയുടെ സെക്രട്ടറിമാര്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി പാര്‍ലമെന്ററി കമ്മറ്റി ചെയര്‍മാന്‍ എന്നിവരെ അറിയിച്ചിരിക്കുകയാണ് ഐബിഎഫ്.

ടെലികോം മേഖലയ്ക്ക് 5ജി പ്രക്ഷേപണത്തിനായി 4,000 MHz നു അപ്പുറത്തേക്കുള്ള ബാന്‍ഡുകളെയും സർക്കാർ പരിഗണിക്കുന്നുവെന്ന വാര്‍ത്തയാണ് ഐബിഎഫ് എടുത്തുകാണിക്കുന്നത്. ആദ്യം 5ജിക്കായി 3,400 MHz – 3,800 MHz ബാന്‍ഡ് പരിഗണിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ഇതില്‍ മാറ്റം വരുത്തുന്നത് ടിവി പ്രക്ഷേപണത്തിനു പ്രശ്‌നം സൃഷ്ടിച്ചേക്കുമെന്നാണ് കരുതുന്നത്.ടിവി ബ്രോഡ്കാസ്റ്റര്‍മാര്‍ ഉപയോഗിക്കുന്നത് 3,700 MHz – 4,200 MHz ബാന്‍ഡാണ്. രാജ്യത്ത് 600ലേറെ സാറ്റലൈറ്റ് ചാനലുകള്‍ക്ക് ഈ ബാന്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സർക്കാർ ലൈസന്‍സും നല്‍കിയിട്ടുണ്ട്. എന്നാലിപ്പോള്‍ 5ജി യ്ക്ക് വഴിയൊരുക്കാനായി തങ്ങളെ ഇവിടെ നിന്ന് ഒഴിപ്പിച്ചേക്കുമെന്നാണ് ചാനലുകള്‍ ഭയക്കുന്നത്.