
ഈ വര്‍ഷം അവസാനത്തോടെ ഫോണുകളിലെ 5ജി സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് ചെയ്യുമെന്ന് ആപ്പിളും സാംസങും. ഇന്നലെ ചേര്‍ന്ന ടെലികോം ഉദ്യോഗസ്ഥര്‍ക്കൊപ്പമുള്ള യോഗത്തിലാണ് കമ്പനികള്‍ ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്.ഭാരതി എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ ലഭിക്കുന്ന ഫോണുകളുടെ പട്ടികയില്‍ സാംസങ് ഫോണുകളിലും ഐഫോണുകളിലും ‘സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡിന് കാത്തിരിക്കുന്നു’ എന്നാണ് പറയുന്നത്.രാജ്യത്ത് ചില നഗരങ്ങളില്‍ 5ജി സേവനം ആരംഭിച്ചുവെങ്കിലും തങ്ങളുടെ 5ജി ഫോണുകളില്‍ 5ജി കണക്ഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ചില മൊബൈല്‍ ഫോണുകളിലെ സോഫ്റ്റ് വെയറുകളുടെ അപര്യാപ്തതയാണ് ഈ പ്രശ്‌നത്തിന് കാരണം. ഇതില്‍ ഭൂരിഭാഗവും സാംസങിന്റേയും ആപ്പിളിന്റേയും ഫോണുകളാണ്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ 5ജി സൗകര്യമുള്ള ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് എത്തിക്കുമെന്നാണ് ആപ്പിളും സാംസങും ഉറപ്പുനല്‍കിയിരിക്കുന്നത്.നിലവില്‍ എയര്‍ടെല്‍ മാത്രമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പുർ, വാരാണസി എന്നിവിടങ്ങളിലാണ് എയര്‍ടെല്‍ സേവനം ലഭിക്കുക.