Tech
Trending

ഇന്ത്യയില്‍ 5ജി അവതരിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി അവതരിപ്പിച്ചു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് അദ്ദേഹം 5ജി സേവനങ്ങള്‍ക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.വയര്‍ലെസ് വിവരവിനിമയത്തിന്റെ അഞ്ചാം തലമുറ സാങ്കേതികവിദ്യകളെയാണ് 5ജി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അള്‍ട്രാ-ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് 5ജി വാഗ്ദാനം. ഇത്രയും നാള്‍ എംബിപിഎസ് വേഗമാണ് കണക്കിലെടുത്തിരുന്നത് എങ്കില്‍ 5ജിയിലേക്ക് എത്തുമ്പോള്‍ അത് ജിബിപിഎസിലേക്ക് മാറും. വിവര കൈമാറ്റത്തിന് വേഗം വര്‍ധിക്കും.നിലവില്‍ നമ്മളെല്ലാം ഉപയോഗിക്കുന്ന 4ജി സ്മാര്‍ട്‌ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അതിവേഗ കണക്റ്റിവിറ്റിയിലൂന്നിയ സേവനങ്ങളാണ് യാഥാര്‍ത്ഥ്യമാക്കിയത്. എന്നാല്‍ 5ജി വരുന്നതോടെ അത് സ്മാര്‍ട്‌ഫോണുകളില്‍ മാത്രം ഒതുങ്ങില്ല. സ്മാര്‍ട് ടിവികള്‍, കംപ്യൂട്ടറുകള്‍, വിര്‍ച്വല്‍ റിയാലിറ്റി ഉപകരണങ്ങള്‍, മെറ്റാവേഴ്‌സ് സേവനങ്ങള്‍, ഗെയിമിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് തുടങ്ങി വിവിധങ്ങളായ ഉപയോഗങ്ങള്‍ക്ക് 5ജി പുതിയ വഴികള്‍ തുറക്കും.ദുരന്ത നിവാരണം, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളില്‍ 5ജിയുടെ അതിവേഗ വിവര കൈമാറ്റ ശേഷി പ്രയോജനപ്പെടുത്തിക്കൊണ്ട് നൂതന സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കാനാവും.ടെലികോം കമ്പനികള്‍ ഒന്നും തന്നെ 5ജി താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അവ 4ജി നിരക്കുകള്‍ക്കൊപ്പം തന്നെയായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button