
നിശബ്ദമായ ഒരു ഇലക്ട്രിക് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് മഹീന്ദ്ര. കമ്പനിയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക് ഇതുവരെ വിപണിയിലെത്തിച്ചത് 5000 യൂണിറ്റിലധികം ട്രിയോ ഓട്ടോകളാണ്. 2018 നവംബറിലാണ് കമ്പനി ട്രിയോ ഓട്ടോകൾ വിപണിയിൽ അവതരിപ്പിച്ചത്. ലിഥിയം അയേൺ ബാറ്ററിയിൽ നിന്ന് ഊർജ്ജം കണ്ടെത്തുന്ന മുചക്ര വാഹനങ്ങളുടെ ഇന്ത്യൻ വിപണിയിലെ വിൽപ്പനയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മോഡലാണ് ട്രിയോ എന്ന് കമ്പനി അവകാശപ്പെടുന്നു.

1.36 ലക്ഷം രൂപ വിലയുള്ള ഈ വാഹനം ഇന്ത്യയിലെ ഏകദേശം 400 ജില്ലകളിലാണ് എത്തിയിട്ടുള്ളത്. ഒന്നരലക്ഷം കിലോമീറ്ററിലേറെ സഞ്ചരിക്കാനുള്ള ശേഷി ഈ വാഹനത്തിനുണ്ടെന്നും ഒറ്റ ചാർജിൽ 265 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. പ്രത്യേക സോക്കറ്റില്ലാതെതന്നെ ഇതിൻറെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. വാഹനത്തിൽ നൽകിയിരിക്കുന്ന ഡ്രൈവ് ബൈ വൈയർ സംവിധാനം ഡ്രൈവിംഗ് ആയാസരഹിതമാക്കാൻ സഹായിക്കുന്നു. ഇതിൻറെ ബാറ്ററിക്ക് പരമാവധി 8 കിലോവാട്ട് വരെ കരുത്തും 42 എൻഎം ടോർക്കും സൃഷ്ടിക്കാനാകും. ഇതിനുപുറമേ 12.7 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലും വാഹനത്തിന് അനായാസം കയറാൻ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
മൂന്നുവർഷം അഥവാ 80,000 കിലോമീറ്റർ നീളുന്ന അടിസ്ഥാന വാറണ്ടി സഹിതമാണ് വാഹനം വിപണിയിലെത്തുന്നത്. രണ്ടുവർഷം അഥവാ ഒരുലക്ഷം കിലോമീറ്റർ നീളുന്ന എക്സ്റ്റൻഡഡ് വാറണ്ടിയും മഹീന്ദ്ര ഇലക്ട്രോണിക് നൽകുന്നുണ്ട്. ഒരു ഇലക്ട്രോണിക് മുച്ചക്ര വാഹനത്തിന് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന വലിയ നേട്ടമാണ് ട്രിയോയ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.