
ക്യാമറക്ക് പ്രാധാന്യം നൽകിക്കൊണ്ട് പുത്തൻ സ്മാർട്ട്ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് ടെക്നോ. ഗ്ലോസിയർ സിൽവർ നിറത്തിൽ ലഭിക്കുന്ന ടെക്നോ ക്യാമോൺ 16 പ്രീമിയറിന് 16,999 രൂപയാണ് വില. ജനുവരി 16ന് ഇന്ത്യയിൽ അവതരിപ്പിച്ച ഫോൺ ഫ്ലിപ്കാർട്ടിലൂടെയും രാജ്യത്തുടനീളം ഓഫ്‌ലൈനായും ലഭ്യമാകും.

48 മെഗാപിക്സൽ പ്രൈമറി സെൽഫി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയുൾപ്പെടുന്ന ഡ്യുവൽ സെൽഫി ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിന്റെ മുഖ്യ ആകർഷണം. ഇതിനുപുറമേ 64 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ക്വാഡ് റിയൽ ക്യാമറ സ്വീകരണമാണ് ഫോണിനുള്ളത്. സോണി ഐ എം എക്സ് 686 ആർജിബി സെൻസർ, ഫോൺ കുലുങ്ങാതെ വീഡിയോയും ചിത്രങ്ങളും പകർത്താൻ സാധിക്കുന്ന സൂപ്പർ ഹൈബ്രിഡ് ഇമേജ് സ്റ്റെബിലൈസേഷൻ സൗകര്യങ്ങൾ എന്നിവയും ഫോണിലുണ്ട്. 30 എഫ്പിഎസിൽ 4കെ വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. കുറഞ്ഞ പ്രകാശ വിന്യാസത്തിലും പോളാർ നൈറ്റ് ലെൻസ് വഴി നോയിസ് ഇല്ലാതെ വീഡിയോ ചിത്രീകരിക്കാം. ശക്തിയേറിയ മീഡിയോടെക്കിന്റെ ജി 90ടി പ്രൊസസറാണ് ഫോണിന് കരുത്തു പകരുന്നത്. 6.85 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഒപ്പം 4500 എംഎഎച്ച് ബാറ്ററിയിൽ 18W അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.