
ജപ്പാനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷന്റെ ഗുജറാത്ത് യൂണിറ്റ് 45 മാസംകൊണ്ട് ഉല്പാദിപ്പിച്ചത് 10 ലക്ഷം കാറുകൾ. അഹമ്മദാബാദിടുത്തുള്ള ഹൻസാൽപൂരിലെ യൂണിറ്റിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബലേനൊ ഹാച്ച് ബാക്കാണ് ഉൽപ്പാദനത്തെ 10 ലക്ഷത്തിലെത്തിച്ചത്. 2017 ഫെബ്രുവരിയിലാണ് യൂണിറ്റിന്റെ പ്രവർത്തനമാരംഭിക്കുന്നത്.യൂണിറ്റിന്റെ ഈ പുതിയ നേട്ടത്തോടെ സുസുക്കി ഉൽപാദന ശാലകളിൽ ഏറ്റവും വേഗത്തിലുള്ള 10 ലക്ഷം യൂണിറ്റ് എന്ന നേട്ടം സുസുക്കി മോട്ടോർ ഗുജറാത്തിന്(എസ് എം ജി) സ്വന്തമായി.

ഹാച്ച്ബാക്കായ ബലേനൊയാണ് എസ്എംജിയിൽ തുടക്കത്തിൽ നിർമ്മിച്ചത്. പിന്നീട് 2018 ഓടെ സ്വിഫ്റ്റും നിർമ്മിച്ചു തുടങ്ങി. 2018 മാർച്ചോടെതന്നെ ഗുജറാത്ത് യൂണിറ്റിൽ നിർമ്മിക്കുന്ന കാറുകൾ കയറ്റുമതി ചെയ്യാനും തുടങ്ങി. പിന്നീട് 2019 ജനുവരിയോടെ യൂണിറ്റിലെ രണ്ടാം അസംബ്ലി ലൈൻ പ്രവർത്തനക്ഷമമായി. നിലവിൽ ഇന്ത്യയിലും വിദേശത്തും വിൽക്കുന്നതായി ബലേനൊയുടെ ബാഡ്ജ് എൻജിൻ രൂപാന്തരമായ ഗ്ലാൻസാ ഹച്ച്ബാക്കും സുസുക്കി ഗുജറാത്ത് യൂണിറ്റിൽ നിന്നും നിർമിച്ചു നൽകുന്നുണ്ട്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 14.4 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് മാരുതി സുസുക്കി കൈവരിച്ചത്. മൊത്തം ഉല്പാദനം 15.80 യൂണിറ്റുകളായിരുന്നു. അവയിൽ 25 ശതമാനത്തോളം ഉല്പാദിപ്പിച്ചത് ഗുജറാത്ത് യൂണിറ്റിൽ നിന്നാണ്.