
ഇന്ത്യയിലെ പ്രധാന ഓൺലൈൻ പെയ്മെന്റ് സേവനമായ മോബിക്വിക്ക് ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്. ഏകദേശം 8.2 ടിബി ഉപയോക്തൃ ഡേറ്റ ഹാക്കുചെയ്തുവെന്നാണ് ആരോപിക്കപ്പെടുന്നത്.ഫ്രഞ്ച് വൈറ്റ് ഹാക്കറും സുരക്ഷാ ഗവേഷകനുമായ എലിയറ്റ് ആൻഡേഴ്സൺ ആണ് ട്വിറ്ററിൽ സ്ക്രീൻഷോട്ട് സഹിതം മോബിക്വിക്ക് ഡേറ്റാ ലംഘനം വെളിപ്പെടുത്തിയത്.

ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങൾ, വിലാസങ്ങൾ, ഇ–മെയിൽ ഐഡികൾ, മൊബൈൽ നമ്പറുകൾ, ആധാർ കാർഡ് വിവരങ്ങൾ എന്നിവയുൾപ്പെടെ ചോർന്നിട്ടുണ്ട്. ഈ ഡേറ്റയെല്ലാം ഡാർക്‌വെബിൽ വിൽപനയ്ക്ക് വെച്ചിരിക്കുകയാണ്. ഏകദേശം 35 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളാണ് ഡാർക് വെബിൽ വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ, ഇക്കാര്യം കമ്പനി നിഷേധിച്ചിട്ടുണ്ട്. ഹാക്കർ 1.5 ബിറ്റ്കോയിനുകൾക്ക് മുഴുവൻ ഡേറ്റയും വിൽക്കാൻ തയാണെന്ന് അറിയിച്ചിട്ടുണ്ട്. 500 ഡേറ്റാബേസുകൾ ഉൾപ്പെടുന്നതാണ് ഡേറ്റ. ഇതിൽ 99 ദശലക്ഷം ഇമെയിൽ ഐഡികൾ, ഫോൺ പാസ്‌വേഡുകൾ, വിലാസങ്ങൾ, ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ, ഐപി വിലാസങ്ങൾ, ജിപിഎസ് ലൊക്കേഷനുകൾ മുതലായവയും ഉൾപ്പെടുന്നു.രാജശേഖർ രാജഹാരിയ എന്ന സുരക്ഷാ വിദ്ഗധനാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഹാക്കിങ് നടന്നത് ഫെബ്രുവരിയിലാണെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ പറയുന്നത്.