
പുത്തൻ ഥാറിന്റെ ആദ്യ യൂണിറ്റ് ലേലം ചെയ്തു വിൽക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ധനസമാഹരണാർത്ഥമാണ് പുതിയ തീരുമാനം. ഓഫ് റോഡറായ ഥാറിന്റെ രണ്ടാം തലമുറ ആദ്യ വാഹനത്തിന് ലഭിക്കുന്ന ഇന്ന് ലേലത്തുകയ്ക്ക് തല്യമായ തുക കമ്പനിയും സംഭാവന ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം ഉപഭോക്താവ് നിർദ്ദേശിക്കുന്ന ജീവകാരുണ്യ സംരംഭത്തിന് തുക കൈമാറുമെന്നും മഹീന്ദ്ര വ്യക്തമാക്കി. സെപ്റ്റംബർ 24 മുതൽ 27 വരെ നടക്കുന്ന ലേലത്തിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ മഹീന്ദ്ര വെബ്സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു.

വാഹനത്തിൻറെ ലേലത്തിലൂടെ ലഭിക്കുന്ന തുക നന്ദി ഫൗണ്ടേഷൻ, സ്വദേശ് ഫൗണ്ടേഷൻ, പി എം കെയേഴ്സ് ഫണ്ട് എന്നിവയിലേതെങ്കിലുമൊന്നിന് കൈമാറാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലേതിന് കൈമാറണമെന്നാ വാഹനം സ്വന്തമാക്കുന്ന വ്യക്തിക്ക് തീരുമാനിക്കാം. ലേലത്തിന് ശേഷം മടക്കി നൽകാമെന്ന വ്യവസ്ഥയിൽ സ്വീകരിക്കുന്ന കരുതൽ നിക്ഷേപം നൽകി വേണം രജിസ്റ്റർ ചെയ്യാൻ. മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ് സംഘടിപ്പിക്കുന്ന ലേലത്തിന്റെ നടപടിക്രമങ്ങൾ ഏണസ്റ്റ് ആൻഡ് യങ്ങാണ് നിർവഹിക്കുക.
ലേലത്തിനെത്തുന്നു വാഹനത്തിൽ ആദ്യ യൂണിറ്റെന്ന് വ്യക്തമാക്കുന്ന ഥാർ1 എന്ന ബാഡ്ജ് നൽകിയിരിക്കും. ഒപ്പം ലേലത്തിലൂടെ വാഹനം സ്വന്തമാക്കുന്ന ആളുടെ പേരിൻറെ ആദ്യാക്ഷരമടങ്ങുന്ന പ്രത്യേക ബാഡ്ജും ഉൾക്കൊള്ളിക്കും. സീറ്റ് കവറിലും ഡാഷ് ബോർഡിലും പ്രത്യേക ഫലകത്തിൽ ഒന്ന് എന്ന നമ്പർ രേഖപ്പെടുത്തും. ഒപ്പം വാഹനം സ്വന്തമാക്കുന്ന വ്യക്തിക്ക് ഇഷ്ടമുള്ള വകഭേദം തെരഞ്ഞെടുക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഒപ്പം ആറു നിറങ്ങളിൽ എത്തുന്ന ഈ വാഹനത്തിൻറെ ഏത് നിറം വേണമെങ്കിലും നേതാവിന് തിരഞ്ഞെടുക്കാം. അതേസമയം രണ്ടാം തലമുറ ഥാറിനുള്ള ബുക്കിംഗ് ഗാന്ധിജയന്തി ദിനത്തിലാരംഭിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. വാഹനത്തിൻറെ വിലയും മറ്റ് വിശദാംശങ്ങളും അന്ന് കമ്പനി പ്രഖ്യാപിക്കും.